

മുക്കം: കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവർ പുലിയെ കണ്ടതായി പറയുന്ന കാരശ്ശേരി വല്ലത്തായി പീച്ചമ്മൽ എസ്റ്റേറ്റിന് സമീപം വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. നേരത്തെ പുലിയെ കണ്ട കലുങ്കിന് സമീപമാണ് ഞായറാഴ്ച പുലർച്ച 3.30ഓടെ വീണ്ടും പുലിയെ കണ്ടതായി പറയുന്നത്.
കപ്പാല സ്വദേശി ജസീറാണ് ആശുപത്രിയിൽ പോകുമ്പോൾ പുലിയെ കണ്ടത്. തൊട്ടടുത്ത പീച്ചാംപൊയിൽ പുളിക്കൽ അബ്ദുറഹിമാന്റെ വീട്ടുമുറ്റത്ത് കാൽപാടും കണ്ടെത്തി. ഒരാഴ്ച മുമ്പും ഇവിടെ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ കാല്പാടുകൾ പരിശോധിച്ച് കാട്ടുപൂച്ചയാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ, വീണ്ടും പുലിയെ കണ്ടതോടെ ജനം ആശങ്കയിലായി. ഇതോടെ വാർഡ് മെംബർ അഷ്റഫ് തച്ചാറമ്പത്ത് അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ താഴെ വല്ലത്തായി ഭാഗത്ത് കാമറ സ്ഥാപിച്ചു.
കോഴിക്കോട് ആർ.ആർ.ടി ഫോറസ്റ്റർ പ്രജീഷ്, ആർ.ആർ.ടി അംഗം കരീം മുക്കം, നാസർ കൈപ്പുറം, ശിവാനന്ദൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുബീർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനീത്, ആൻസി, ഡയാന എന്നിവരുടെ നേതൃത്വത്തിലാണ് കാമറ സ്ഥാപിച്ചത്.