
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് പോകുമ്പോഴാണ് തെരുവുനായ് ആക്രമണത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു.
ആക്രമിച്ച നായെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് നായുടെ മൃതദേഹം പൂക്കോട് ഗവ. വെറ്ററിനറി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചതെന്ന് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു. വിദ്യാർഥിയെ ആക്രമിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പുല്ലൂരാംപാറ പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട് അഭ്യർഥിച്ചു. പേവിഷ ബാധ സ്ഥിരീകരിച്ച നായ് മറ്റു നായ്ക്കളുമായി സമ്പർക്കം പുലർത്താൻ സാധ്യതയേറെയാണ്. നാട്ടുകാർ മുൻകരുതൽ സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.