
വടകര: ഒമ്പതുവയസ്സുകാരിയായ ദൃഷാനയുടെ ജീവിതത്തിൽ ഇരുൾപടർത്തിയ അപകടത്തെ കുറിച്ച് പൊലീസ് നടത്തിയത് വിപുലമായ അന്വേഷണം. പുറമേരി സ്വദേശി ഷജീൽ എന്നയാൾ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാർ ആണ് അപകടം വരുത്തിയത്. ഷജീലും ഭാര്യയും രണ്ടുമക്കളും ഈ കാറിൽ സഞ്ചരിക്കവേയായിരുന്നു അപകടം. പിൻസീറ്റിലിരുന്ന കുട്ടികൾ മുന്നിലിരിക്കാൻ ശ്രമിച്ചുവെന്നും ഡ്രൈവർ ഷജീൽ അതിൽ ഇടപെടുന്നതിനിടെ ശ്രദ്ധ പാളിയാണ് കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചതുമെന്നാണ് പൊലീസ് പറയുന്നത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഷജീലിന്റെ ഭാര്യയുടെയും കുട്ടികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയതായി വടകര റൂറൽ എസ്.പി നിധിൻ രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഈ വർഷം ഫെബ്രുവരി 17നാണ് കാർ ഇടിച്ചിട്ടത്. വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ബേബി മരിച്ചു. കോമയിൽ കഴിയുന്ന ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർന്ന് ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒമ്പതരമാസത്തിന് ശേഷം കാർ കണ്ടെത്തിയത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഫെബ്രുവരിയിൽ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയിലെ 500 വർക് ഷോപ്പുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോൾ ഡിറ്ററയിൽസ് പരിശോധിച്ചു.
മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 19,000 മാരുതി സ്വിഫ്റ്റ് കാറുകളുടെ വാഹന രജിസ്ട്രേഷനുകളും പരിശോധിച്ചു. സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന ഷോറൂമുകളിൽനിന്നും വിവരങ്ങളെടുത്തു. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഇൻഷുറൻസ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തിൽ വിവിധ ക്ലെയിമുകളും പരിശോധിച്ചു. ഒടുവിൽ 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന പേരിൽ ഒരു സ്വിഫ്റ്റ് കാർ ക്ലെയിം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇടിച്ചിട്ട വാഹനം ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചത്. കാർ ഓടിച്ച ഷജീൽ പിന്നീട് യു.എ.യിലേക്ക് കടന്നു. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു.