
വടകര: ദേശീയപാതയിൽ കാറിടിച്ച് വയോധിക മരിക്കുകയും കൊച്ചുമകൾ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ആവുകയും ചെയ്ത സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുടുംബത്തോടൊപ്പം വടകരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഒമ്പതുകാരിയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് ഊടുവഴികളിലൂടെ കടന്നുകളഞ്ഞ കാറിന്റെ ഉടമയെയാണ് ഒമ്പത് മാസങ്ങൾക്കുശേഷം പഴുതടച്ച അന്വേഷണത്തലൂടെ പൊലീസ് തിരിച്ചറിഞ്ഞത്.
കാർ കസ്റ്റഡിയിലെടുത്തു. പുറമേരി സ്വദേശി മീത്തലെ പുനത്തിൽ ഷെജീലിന്റെ (35) KL18 R 1846 മാരുതി സ്വിഫ്റ്റ് കാറാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. സംഭവശേഷം വിദേശത്തേക്ക് രക്ഷപ്പെട്ട ഷെജീൽ ദുബൈയിലാണുള്ളത്.
കാർ ഇടിച്ചിട്ട കണ്ണൂർ മനേക്കര പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിക്കുകയും കൂടെയുണ്ടായിരുന്ന പേരമകൾ കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയ മകൾ ദൃഷാന ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. ദൃഷാന ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ‘കോമ’യിലാണ്.
അപകടം വരുത്തിയ കാർ നന്നാക്കാൻ ഇൻഷുറൻസ് കമ്പനിയിൽനിന്ന് പണവും കൈക്കലാക്കിയാണ് പ്രതി വിദേശത്തേക്ക് കടന്നത്. ഇതാണ് കാർ കണ്ടെത്താൻ പൊലീസിന് തുണയായത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി പി. നിധിൻ രാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയപാതയിൽ ചോറോട് 2024 ഫെബ്രുവരി 17 ന് രാത്രി 10ഓടെ ആയിരുന്നു സംഭവം. ബേബി ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാൻ പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുകയായിരുന്നു.
അപകടത്തിനുശേഷം കാമറകളിൽ പെടാതിരിക്കാൻ കൈനാട്ടിക്ക് സമീപം മീത്തലെ അങ്ങാടി റോഡിലെ ഊടുവഴിയിലൂടെ കാറോടിച്ച് ഭാര്യ വീട്ടിൽ എത്തുകയായിരുന്നു. രാത്രി 11 മണിയോടെ പുറമേരിയിലെ സ്വന്തം വീട്ടിലേക്ക് കാറുമായി പോയി. ഇടിയുടെ ആഘാതത്തിൽ കാറിനുണ്ടായ കേടുപാടുകൾ തീർക്കാൻ പുറമേരിക്ക് സമീപം വെള്ളൂരിലെ വർക്ക് ഷോപ്പിൽ എത്തിച്ചു. മതിലിനിടിച്ചാണ് അപകടം സംഭവിച്ചതെന്ന് വരുത്തി 30,000 രൂപ നാഷനൽ ഇൻഷുറൻസ് കമ്പനിയിൽനിന്ന് ക്ലെയിം ഈടാക്കി.
അപകടം നടന്ന കാലയളവിലെ ഇൻഷുറൻസ് ക്ലെയിം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളിൽ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും ഇതിനായി പരിശോധിച്ചു. സംഭവത്തിൻ ഹൈകോടതിയും മനുഷ്യാവകാശ കമീഷനും സ്വമേധയാ കേസെടുത്തിരുന്നു.