കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ കളൻതോട് പരപ്പൻ കുഴിയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരാൾകൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കുടിവെള്ളം പരിശോധനക്കായി ശേഖരിച്ചു. സമീപ പ്രദേശങ്ങളിലെ വീടുകളിൽ പനി, വയറിളക്ക ലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനായി സർവേ നടത്തി. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ഹക്കീം മാസ്റ്റർ, മൊയ്തു പിടികക്കണ്ടി, മെഡിക്കൽ ഓഫിസർ ഡോ. സ്മിത റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആശ പ്രവർത്തകർ, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.