കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. സി.പി.എം ഇടപെട്ട് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് 30ന് കമീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന റിട്ടേണിങ് ഓഫിസർ, മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എ. ഉമേഷ് എന്നിവർക്കെതിരേയും പരാതി നൽകുമെന്ന് പ്രവീൺകുമാർ പറഞ്ഞു. ദൃശ്യങ്ങള്‍ സഹിതം ഉമേഷിനെതിരെയും ഹൈകോടതിയില്‍ കോണ്‍ഗ്രസ് ഹര്‍ജി നല്‍കും.
നിയമനടപടിക്കൊപ്പം തെരുവിലും പ്രതിഷേധം ശക്തമാക്കും. കമീഷണർ ഓഫിസ് മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കും.
ബാങ്ക് തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയെ ഉള്‍പ്പെടെ മര്‍ദിച്ചപ്പോള്‍ നിഷ്ക്രിയമായ പൊലീസ് ഹര്‍ത്താല്‍ ദിനത്തില്‍ പ്രവര്‍ത്തകരെ മര്‍ദിക്കാനാണ് ശ്രമിച്ചതെന്നും പ്രവീണ്‍കുമാര്‍ ആരോപിച്ചു.