കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നഗരത്തിൽ ബസ്സുകൾ തടഞ്ഞു. കോഴിക്കോട് -പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസൽ സ്റ്റാൻഡിന് സമീപം ഹർത്താൽ അനുകൂലികൾ തടഞ്ഞത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. നിറയെ യാത്രക്കാരുള്ള ബസ്സുകളെയടക്കം സമരക്കാർ തടഞ്ഞ് തിരിച്ചയക്കാൻ ശ്രമിക്കുന്നുണ്ട്. നഗരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് എത്തി പിടിച്ചുമാറ്റി. ഇത് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.
കോഴിക്കോട് ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഞായറാഴ്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയതായി ഹർത്താൽ അനുകൂലികൾ പറയുന്നു. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചെങ്കിലും സംഘർഷാവസ്ഥ ഉടലെടുത്തതോടെ കടകളടച്ചുതുടങ്ങി.
ഇന്നലെ തെരഞ്ഞെടുപ്പിൽ ആദ്യവസാനമുണ്ടായ സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ഭരണം പിടിക്കാൻ കോൺഗ്രസ് ഔദ്യോഗിക പക്ഷവും സി.പി.എം പിന്തുണയുള്ള വിമതപക്ഷവും രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയുള്ള ജനാധിപത്യ സംരക്ഷണ സമിതിയാണ് വിജയിച്ചത്.
ഏഴ് സീറ്റിൽ കോൺഗ്രസ് വിമതപക്ഷവും നാല് സീറ്റിൽ സി.പി.എം പ്രതിനിധികളുമാണ് വിജയിച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ സുരക്ഷക്ക് നിയോഗിച്ചെങ്കിലും ഇവരെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. ഇരുപക്ഷവും തങ്ങളുടേതല്ലാത്ത വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു.
കള്ളവോട്ട് ആരോപണമുന്നയിച്ച് സി.പി.എം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയും മർദിച്ചും തിരിച്ചയക്കുന്നതിൽ മുന്നിൽ നിന്നത്. അക്രമി സംഘത്തെ ഭയന്ന് നൂറുകണക്കിനാളുകളാണ് വോട്ടുചെയ്യാതെ മടങ്ങിയത്. വോട്ടുചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നവർക്കാണ് മർദനമേറ്റത്. സ്ത്രീകളടക്കമുള്ളവർക്കുനേരെ അക്രമികൾ അസഭ്യവർഷവും നടത്തി. ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു വോട്ടെടുപ്പ്.