കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് അസി. സെക്രട്ടറിയെ ഓഫിസിൽ കയറി ഫോറസ്റ്റ് ഗവ. പ്ലീഡർ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതതായി പരാതി. ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. സ്കൂൾ വിട്ടുവന്ന മകളുമായി അസി. സെക്രട്ടറി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ, പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച് വീണ്ടും ഇയാൾ അസഭ്യം പറയുകയും ചെയ്തു. ഈ വ്യക്തിയുമായി ബന്ധപ്പെട്ട ഫയലുകളിൽ കാലതാമസം വരുത്തിയെന്ന് പറഞ്ഞാണ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായതെന്നും എന്നാൽ, ഇയാളുടെ ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും അസി. സെക്രട്ടറി പറഞ്ഞു.
കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും താമസിക്കുന്ന വീടിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. വില്ലേജ് ഓഫിസറായ ഭാര്യയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും മിക്ക ദിവസങ്ങളിലും പഞ്ചായത്ത് ഓഫിസിൽവന്ന് ജീവനക്കാരോട് തട്ടിക്കയറാറുണ്ടെന്നും നിയമപരമല്ലാത്ത കാര്യങ്ങൾക്കുവേണ്ടി ഉദ്യോഗസ്ഥരെ നിർബന്ധിക്കാറുണ്ടെന്നും പഞ്ചായത്ത് അസി. സെക്രട്ടറി പറഞ്ഞു. ഗവ. ഫോറസ്റ്റ് പ്ലീഡർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും കുന്ദമംഗലം പൊലീസ് അറിയിച്ചു.