വെള്ളിമാട്കുന്ന്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. ചേളന്നൂർ പുനത്തിൽ വീട്ടിൽ മേഘ പി. മനോഹരന് യു.കെയിൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഈരാറ്റുപേട്ട മരങ്ങാട്ട് വീട്ടിൽ ജോയൽ ജോണിനെ ചേവായൂർ പൊലീസ് പിടികൂടിയത്.
എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ പരാതിക്കാരിക്ക് വിദേശത്ത് മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് മൂന്നു തവണകളായി ആറു ലക്ഷം വാങ്ങുകകയായിരുന്നു. പ്രതിക്കെതിരെ എറണാകുളം ടൗൺ, നോർത്ത് പൊലീസ് സ്റ്റേഷനുകളിലുൾപ്പെടെ പല സ്റ്റേഷനുകളിലും പരാതി നിലവിലുണ്ട്. ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീവന്റ നിർദേശപ്രകാരം എസ്.ഐ ശരത്ബാബു, എ.എസ്.ഐ സജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.