കുറ്റ്യാടി: കുന്നുമ്മൽ ഉപജില്ല ശാസ്ത്രോത്സവം നടന്ന കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ് സ്കൂളിന് കായക്കൊടി ഗ്രാമപഞ്ചായത്ത് അധികൃതർ പിഴയിട്ടതിൽ വ്യാപക പ്രതിഷേധം.
കഴിഞ്ഞ 17, 18 തീയതികളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഘാടക സമിതി ചെയർമാനായി നടത്തിയ മേളയുടെ പിറ്റേന്ന് സ്കൂൾ തുറക്കും മുമ്പ് സ്ഥലത്തെത്തിയ അധികൃതർ പാഴ്വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്നുകാണിച്ച് 25,000 രൂപയാണ് പിഴ ചുമത്തിയത്. ഹെഡ്മാസ്റ്റർ സംഖ്യ അടക്കണമെന്ന് നിർദേശവും നൽകി. ഉപജില്ലയിലെ നൂറോളം സ്കൂളുകളിലെ 3000ത്തോളം കുട്ടികൾ പങ്കെടുത്ത മേള അവസാനിച്ചത് രാത്രി വൈകിയായതിനാൽ പരിസരം വൃത്തിയാക്കാൻ നേരം കിട്ടിയില്ലെന്നും പിറ്റേന്ന് ശുചീകരണം നടത്താൻ തീരുമാനിച്ചതാണെന്നും ഹെഡ്മാസ്റ്റർ പി.കെ. ബഷീർ പറഞ്ഞു. സംഭവത്തിൽ പി.ടി.എ പ്രതിഷേധിച്ചു.
സമാപന ദിനംതന്നെ പാഴ്വസ്തുക്കൾ പരമാവധി ശേഖരിച്ച്, തരം തിരിച്ച് വെക്കുകയും ബാക്കിയുള്ളവ തൊട്ടടുത്ത ദിവസം അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും തിടുക്കപ്പെട്ട് എടുത്ത നടപടി പഞ്ചായത്ത് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുൽ മജീദ് ഞേണോൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ബഷീർ സ്വാഗതം പറഞ്ഞു. പഞ്ചായത്തിന്റെ നടപടിയിൽ മേള നടത്താൻ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്ന നാട്ടുകാരും പ്രതിഷേധത്തിലാണ്.
സ്കൂളിന് നൽകിയ നോട്ടീസിന് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.