ചാത്തമംഗലം: എൻ.ഐ.ടിയിലെ പൂർവ വിദ്യാർഥി പ്രഫ. മാരുതി അകെല്ലക്ക് അപൂർവ ബഹുമതി. 1990ൽ കണ്ടെത്തിയ 5376ാം നമ്പർ ഛിന്ന ഗ്രഹത്തിന് ഇദ്ദേഹത്തിന്റെ പേര് നൽകിയതോടെയാണ് അകെല്ല ബഹുമതിക്ക് അർഹനായത്. ഛിന്നഗ്രഹങ്ങളുടെ നാമകരണത്തിനുള്ള അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ (ഐ.എ.യു) വർക്കിങ് ഗ്രൂപ് ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് പ്രഫ. അകെല്ലയുടെ പേര് ഒരു ഛിന്നഗ്രഹത്തിന് നൽകിയതായി അറിയിച്ചത്. സങ്കീർണ്ണമായ ചലനാത്മക സംവിധാനങ്ങളുടെ നിയന്ത്രണം മുന്നോട്ട് കൊണ്ടുപോകുന്നതിലും ജ്യോതിശാസ്ത്രത്തിലെ നിരവധി വിജയകരമായ പ്രയോഗങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി.
ആകാശത്ത് ചംക്രമണം ചെയ്യുന്ന വസ്തുക്കളുടെ പേരിടുന്നതിനുള്ള അധികാരം ഐ.എ.യുവിനാണ്. ജപ്പാനിലെ കുഷിരോ ഒബ്സർവേറ്ററിയിലെ എസ്. യൂഈഡയും എച്ച്. കനേടയൂം ചേർന്നാണ് ചൊവ്വക്കും വ്യാഴത്തിനുമിടയിലുള്ള ഈ ഛിന്നഗ്രഹത്തെ 1990ൽ കണ്ടെത്തിയത്. 5376 നമ്പറുള്ള ഈ ഛിന്നഗ്രഹത്തിന് എട്ട് കിലോമീറ്ററോളം വ്യാസമുണ്ട്. മാരുതി അകെല്ല എന്ന് പേരിട്ട ഈ ചെറുഗ്രഹത്തിന് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നതിന് മൂന്നേമുക്കാൽ വർഷം വേണം. നാസയിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയുടെ സ്മാൾ ബോഡി ഡാറ്റാബേസിൽ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജനായ അമേരിക്കൻ എയ്റോ സ്പേസ് എൻജിനീയർ പ്രഫ. അകെല്ല ടെക്സസ് യൂനിവേഴ്സിറ്റിയുടെ ഓസ്റ്റിൻ ക്യാമ്പസിലെ ഡിപ്പാർട്മെന്റ് ഓഫ് എയ്റോസ്പേസ് എൻജിനീയറിങ് ആൻഡ് എൻജിനീയറിങ് മെക്കാനിക്സിലെ കൊക്കറൽ ഫാമിലി എൻഡോവ്മെന്റ് ചെയർ പ്രഫസർ ആണ്. കോഴിക്കോട് എൻ.ഐ.ടിയിൽ 1992ലെ മെക്കാനിക്കൽ ബാച്ചിലെ വിദ്യാർഥിയായിരുന്നു ഇദ്ദേഹം. 2024 ഫെബ്രുവരിയിൽ ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ വാഹനം നിയന്ത്രിച്ചിരുന്ന ഇന്റ്യൂട്ടീവ് മെഷീൻസ് (ഐ.എം-1) അദ്ദേഹത്തിന്റെ ഗവേഷണ സംഭാവനകളുടെ ഫലപ്രാപ്തിയാണ്. അസ്ട്രോ ഡയനാമിക്സിലെ വിജയകരമായ പല സംരംഭങ്ങളും അദ്ദേഹത്തിന്റെ ഗവേഷണ സംഭാവനകളാണെന്ന് ഐ.എ.യു പ്രഖ്യാപിച്ചിരുന്നു.
നിരവധി പ്രഫഷനൽ അക്കാദമികളിലും പ്രഫ. അകെല്ല അംഗമാണ്. പല ലോകോത്തര ബഹുമതികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ സംഭാവനകളും പാണ്ഡിത്യവും കണക്കിലെടുത്ത് പ്രഫ. അകെല്ലയെ കോഴിക്കോട് എൻ.ഐ.ടി 2023ൽ ഡിസ്റ്റിങ്ഗ്വിഷ്ഡ് അലുമിനി അവാർഡ് നൽകി ആദരിച്ചിരുന്നു.