പയ്യോളി: പുറക്കാട് പറോളി നടവയലിന് സമീപം വീട്ടമ്മ നിക്ഷേപിച്ച രാസവസ്തുക്കളടങ്ങിയ ആറ് ചാക്ക് മാലിന്യങ്ങൾ പിടികൂടി 50,000 രൂപ പിഴയീടാക്കി. പള്ളിക്കര പിലാച്ചേരി ‘പ്രാർഥന’യിൽ രേണുകയാണ് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാലിന്യത്തിൽനിന്ന് കണ്ടെടുത്ത മരുന്ന് കുറിപ്പടിയിൽനിന്ന് പേരും ഫോൺ നമ്പറും കണ്ടെത്തുകയായിരുന്നു.
തുടർന്ന് തിക്കോടി ഗ്രാമപഞ്ചായത്ത് അധികൃതർ വീട്ടിലെത്തി മാലിന്യങ്ങൾ വീട്ടുകാരെ കൊണ്ട് നീക്കം ചെയ്യിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തിന്റെയും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെയും നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
പിഴയീടാക്കിയതിനു ശേഷം മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ ഓർഡർ ചെയ്താണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും മടങ്ങിയത്. മാലിന്യങ്ങൾ നിക്ഷേപിച്ചത് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയ നാട്ടുകാരായ പറാണ്ടി രമേശൻ, പി.കെ. സത്യൻ, പൂഴിപ്പുറത്ത് ഗണേശൻ, മാധവഞ്ചേരി ഫൈസൽ, പറാണ്ടിതാഴെ വിനോദൻ എന്നിവരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.