തിരുവമ്പാടി: രണ്ടുപേർ മരിക്കുകയും 30 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത തിരുവമ്പാടി കാളിയാമ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് വീണ അപകടത്തിൽ ബസിന് സാങ്കേതിക തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘം. മോട്ടോർ വാഹന വകുപ്പ് ജോയന്റ് കമീഷണർ ഷാജി മാധവൻ, ഡെപ്യൂട്ടി കമീഷണർ സി.വി.എം. ശരീഫ്, ജോയന്റ് ആർ.ടി.ഒ ഇ.എസ്. ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തകർന്ന ബസ് പരിശോധിച്ചു.
ബസിന്റെ ബ്രേക്കിനും ടയറിനും തകരാറുകളൊന്നുമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ഇ.എസ്. ബിജോയ് മാധ്യമത്തോട് പറഞ്ഞു. അപകടം നടന്ന സ്ഥലത്തിന്റെ ഏതാനും മീറ്റർ അകലെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാനായി അപകടത്തിൽപ്പെട്ട ബസ് ബ്രേക്കിട്ടതായി കണ്ടെത്തി. ബസിന് വേഗതയും കുറവായിരുന്നു.
ബസിന് 2025 ഏപ്രിൽ വരെ ഫിറ്റ്നസ് ഉണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവറുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
പരിശോധന റിപ്പോർട്ട് വൈകാതെ സർക്കാറിന് സമർപ്പിക്കും. ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ അപകടം നടന്ന ചൊവാഴ്ച തന്നെ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.
എൻഫോഴ്സ്മെന്റ് എം.വി.ഐന്മാരായ സി.എം. അൻസാർ, അജിത്ത് കുമാർ, വി. വിനോദ് കുമാർ, അസിസ്റ്റന്റ് എം.വി. ഐ മനോജ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഓപറേറ്റിങ് സെന്റർ ഓഫിസർ ഇൻ ചാർജ് കെ.പി. സുധീഷ്, തിരുവമ്പാടി പൊലീസ് എസ്.എച്ച്.ഒ ടി.വി. ധനഞ്ജയദാസ് എന്നിവർ സ്ഥലത്തുണ്ടായിരുന്നു.