ഫറോക്ക്: തീരദേശപാതയിൽ ഏറെ തിരക്കേറിയ കടലുണ്ടിക്കടവ് പാലത്തിൽ അപകടഭീഷണിയെ തുടർന്ന് ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഒന്നര പതിറ്റാണ്ട് മാത്രം പഴക്കമുള്ള പാലത്തെ താങ്ങിനിർത്തുന്ന തൂണുകളുടെ കോൺക്രീറ്റ് അടർന്നുവീണു. കമ്പികൾ ദ്രവിച്ച് പാലം അപകടനിലയിലാണ്. രാപ്പകൽ ഭേദമില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് പാലം വഴി സഞ്ചരിക്കുന്നത്.
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം വിദഗ്ധ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് (കെ.എച്ച്.ആർ.ഐ) അധികൃതർ അടർന്ന ഭാഗം പൊട്ടിച്ചെടുത്ത് പുത്തൻ സാങ്കേതിക വിദ്യയിൽ സ്റ്റീൽ നെറ്റ് വിരിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തിരുന്നു. ഇതും അടർന്നുവീണതോടെയാണ് ജനത്തിന് ആശങ്കയേറിയത്.
പാലം നവീകരിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല. അതേസമയം, ചമ്രവട്ടം വഴിയുള്ള നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിൽ അടയാളപ്പെടുത്തൽ തുടങ്ങിയിട്ടുമുണ്ട്. പാലത്തിലൂടെ സഞ്ചരിക്കേണ്ട ഭാരമേറിയ ചരക്ക് വാഹനങ്ങൾ ഫറോക്ക്-മണ്ണൂർ- കോട്ടക്കടവ്- അത്താണിക്കൽ-ആനങ്ങാടി വഴിയോ ഫറോക്ക്-കരുവൻതിരുത്തി-ചാലിയം-കടലുണ്ടി-കോട്ടക്കടവ്-അത്താണിക്കൽ-ആനങ്ങാടി വഴിയോ കടന്നുപോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.