ബേപ്പൂർ: കടൽ യാത്ര നിരോധനം അവസാനിച്ചതോടെ ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു ചരക്കുനീക്കം ഉടൻ പുനരാരംഭിക്കും. മർക്കന്റയിൻ മറൈൻ ചട്ടപ്രകാരം ചെറുകിട തുറമുഖങ്ങളിൽനിന്ന് മേയ് 15 മുതൽ സെപ്റ്റംബർ 14 വരെ കടൽ യാത്ര നിയന്ത്രണം കർശനമാണ്.
ബുധനാഴ്ച മുതൽ ചരക്ക് കയറ്റൽ ആരംഭിക്കുന്നതോടെ തുറമുഖം സജീവമാകും. ചരക്കുനീക്കം പുനരാരംഭിക്കുന്നതിന് ‘മറൈൻ ലൈൻ’ ഉരു ബേപ്പൂരിലെത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ ആൾത്താമസമുള്ള 12 ദ്വീപുകളിലേക്കാണ് ഉരുക്കൾ മുഖേന നിർമാണ വസ്തുക്കൾ, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയവ കയറ്റിപ്പോകുന്നത്.
ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35ഓളം ഉരുക്കൾ ആഴ്ചയിൽ സർവിസ് നടത്തിയിരുന്നു. നിലവിൽ മൂന്നോ മൂന്നോ നാലോ ഉരുക്കൾ മാത്രമാണ് അവശ്യവസ്തുക്കളുമായി ദ്വീപിലേക്ക് പുറപ്പെടുന്നത്. തുറമുഖമായി ബന്ധപ്പെട്ട് 300ലധികം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ചരക്കുനീക്കം കുറഞ്ഞപ്പോൾ ചിലർ മറ്റ് ജോലികൾ തേടിപ്പോയതോടെ തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നു.
യാത്രക്കപ്പലുകൾ നിർത്തലാക്കിയതും ലക്ഷദ്വീപ് കാര്യാലയങ്ങൾ മംഗളൂരുവിലേക്ക് മാറ്റിസ്ഥാപിച്ചതും ബേപ്പൂർ തുറമുഖത്തിന് തിരിച്ചടിയായി.