കൊയിലാണ്ടി: ക്വിറ്റിന്ത്യാ സമരത്തിലെ തീക്ഷ്ണ അധ്യായമായ ചേമഞ്ചേരിയിലെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരുടെ സ്മരണാർഥം ദേശീയപാതക്കരികിൽ നിർമിച്ച രക്തസാക്ഷി സ്തൂപം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി സ്മാരകം പൊളിച്ചുമാറ്റിയിട്ട് രണ്ടു വർഷമാകുമ്പോഴും പുതുക്കി നിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലാണ് ക്വിറ്റിന്ത്യ സ്മാരക സ്തൂപം പണിതുയർത്തിയത്. കാഞ്ഞിരക്കണ്ടി ചാത്തുക്കുട്ടി ചെട്ടിയാർ സൗജന്യമായി നൽകിയ സ്ഥലത്ത് ചിത്രകാരനായ യു.കെ. രാഘവൻ മാസ്റ്ററായിരുന്നു സ്തൂപം രൂപകൽപന ചെയ്തത്. തുടർന്ന് പഞ്ചായത്ത് പണം മുടക്കി ഇത് നിർമിക്കുകയും ചെയ്തു.
1942 ആഗസ്റ്റ് 19ന് രാത്രിയാണ് മലബാറിലെ, ഇന്നത്തെ ചേമഞ്ചേരി പഞ്ചായത്തിലെ ബ്രിട്ടീഷ് അധീനതയിലുള്ള തിരുവങ്ങൂരിലെ റെയിൽവേ ഹാൾട്ടിങ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് എന്നിവ തീവെച്ചു നശിപ്പിക്കപ്പെട്ടത്. കാരോളി അപ്പുനായർ, യു.കെ. കൃഷ്ണൻ നായർ, തറയിൽ ഉണ്ണി നായർ, കാരോളി ഉണ്ണി നായർ, കെ.വി. മാധവൻ കിടാവ്, കുറത്തിശാല മാധവൻ നായർ എന്നിവരായിരുന്നു പ്രധാന സ്വാതന്ത്ര്യ സമര നേതാക്കൾ. സ്വതന്ത്ര ഭാരതം എന്ന പത്രം പ്രചരിപ്പിക്കുകയും ചെയ്തു.
കുറച്ചുകാലം ഒളിവിൽ കഴിഞ്ഞെങ്കിലും പിന്നീട് ഇവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ജയിൽവാസകാലത്ത് ക്രൂര മർദനമാണ് ഇവർ നേരിട്ടത്. അവർക്കുള്ള ആദരമായാണ് ചേമഞ്ചേരിയിൽ സ്തൂപം പണിതത്. സ്തൂപം പൊളിക്കുമ്പോൾ, പുതുതായി നിർമിച്ച രജിസ്ട്രാർ ഓഫിസ് പരിസരത്ത് സ്തൂപം ഉടൻ നിർമിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയും നടപ്പായില്ല. സ്വാതന്ത്ര്യസമര സേനാനികളോടുള്ള അനാദരവാണിതെന്നും പരാതി ഉയരുന്നുണ്ട്.