ഓമശ്ശേരി: ഏറെക്കാലത്തെ അനിശ്ചിതത്വത്തിനുശേഷം ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പ്രവൃത്തി ആരംഭിക്കുന്നു. തറക്കല്ലിട്ടു ഒരു വർഷം കഴിഞ്ഞെങ്കിലും പ്രവൃത്തി തുടങ്ങിയില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് തറക്കല്ലിട്ടത്.
പ്രവൃത്തി ആരു നടത്തണമെന്ന അവ്യക്തത മൂലമാണ് വൈകിയത്. സർക്കാർ ഏജൻസിയായ സിൽക്കിന് നൽകാനായിരുന്നു ആദ്യ തീരുമാനം. സിൽക്കിനു നൽകിയാൽ പ്രവൃത്തി പഞ്ചായത്ത് പൊതുമരാമത്തു വിഭാഗത്തിന്റെ മേൽനോട്ടത്തിലല്ലാതെ നടക്കുന്നത് പരാതിക്കിടയാക്കുമോ എന്ന ആശങ്കയാണ് പ്രവൃത്തി തുടങ്ങാതിരിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. പഞ്ചായത്ത് നേരിട്ട് പ്രവൃത്തി നടത്താനാണ് തീരുമാനം. 67 ലക്ഷം രൂപയുടേതാണ് കരാർ. ഭരണസമിതി കാലാവധി കഴിയും മുമ്പ് ആദ്യഘട്ടം പൂർത്തിയാക്കും. താഴെയും മുകളിലുമായി ആറ് മുറികളാണ് പണിയുന്നത്.
പ്രവൃത്തി വൈകിയതുമൂലം പഞ്ചായത്തിന് വാടക ഇനത്തിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. പ്രവൃത്തി വൈകിയതിനെ തുടർന്ന് സാമ്പത്തിക നഷ്ടം ഉണ്ടായതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. പഴയ കെട്ടിടത്തിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാർ പ്രവൃത്തി നീളുന്നതിനെതിരെ പ്രതിഷേധത്തിലാണ്.