
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ സ്‌കാനിയ ബസും ലോറിയും കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസും ചരക്ക് ലോറിയും കുടുങ്ങിയത്. ചുരം എന്‍.ഡി.ആര്‍.എഫ്. വളണ്ടിയര്‍മാരും പോലീസും ചേര്‍ന്ന് വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടു കൂടിയാണ് ചുരം ഇറങ്ങി വരികയായിരുന്ന സ്‌കാനിയ ബസ് കേടായത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ചുരം കയറുകയായിരുന്ന ചരക്ക് ലോറിയും കേടായതിനെ തുടര്‍ന്ന് ചുരത്തില്‍ കുടുങ്ങി. ഇതാണ് ഗതാഗത കുരുക്ക് രൂക്ഷമാക്കിയത്. രണ്ടു വാഹനങ്ങളും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ചുരത്തില്‍ ഇന്ന് തിരക്ക് കുറഞ്ഞു നില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ വലിയ തോതിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ലെന്നാണ് വിവരം.