പേരാമ്പ്ര: കൂത്താളിയില്‍ വയോധികനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ അറസ്റ്റിൽ. ചാത്തങ്കോട്ട് ശ്രീലേഷിനെയാണ് (39) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ വീട്ടിൽ ചാത്തങ്കോട്ട് ശ്രീധരനെ (69) മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മകൻ ശ്രീലേഷിനെ സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി. ജംഷീർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു.
മൂന്നു വര്‍ഷം മുമ്പ് മകന് ഇയാളെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ശ്രീധരൻ കാലൊടിഞ്ഞ് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ശ്രീധരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.