കോഴിക്കോട്: ചെറുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർകൂടി പൊലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിൻ (കണ്ണൻ-29), ബേപ്പൂർ ഇരട്ടച്ചിറ സ്വദേശി ആഷിഖ് (മുത്തുട്ടി-25) എന്നിവരെയാണ് സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ചേർന്ന് പിടികൂടിയത്. ഒന്നാം പ്രതി മലപ്പുറം ചേലേമ്പ്ര സ്വദേശി പെരുന്നേരി തോട്ടുമ്മൽ മുഷ്താക്കിനെ (29) കഴിഞ്ഞ ദിവസം ഗൾഫ് ബസാറിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായി.
സ്കൂൾ ഓഫിസ് റൂമിന്റെ പൂട്ട് പൊളിച്ച് ഒമ്പത് ലാപ്ടോപ്, ആറ് മൊബൈൽ ഫോൺ, ഒരു കാമറ എന്നിവയാണ് സംഘം കവർന്നത്.
ബി.കോം ബിരുദധാരിയായ മുഷ്താഖ് നിരവധി കേസുകളിൽ പ്രതിയായ നുബിൻ അശോകിനെയും ആഷിഖിനേയും കൂട്ടുപിടിച്ച് കവർച്ചക്കിറങ്ങുകയായിരുന്നു. ആഷിഖിനെതിരെ മാറാട്, ബേപ്പൂർ പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനത്തിനും ബ്രൗൺഷുഗർ വിൽപനക്കും കേസുകളുണ്ട്. നുബിൻ മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയാണ്.
കോഴിക്കോട് ബീച്ചിൽനിന്നുള്ള പരിചയമാണ് മൂവരെയും മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലേക്ക് നയിച്ചത്. കവർച്ചക്കുശേഷം നുബിനെയും ആഷിഖിനെയും മുംബൈയിലേക്ക് കടത്തിയ മുഷ്താഖ് ഫോൺ ഉപയോഗിക്കാതെ കോഴിക്കോടുതന്നെ തങ്ങുകയായിരുന്നു. ഇതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ പിടിയിലായി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് മുംബൈക്ക് കടത്തിയ കുറ്റവാളികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതിനിടെ തിരിച്ചെത്തിയ കൂട്ടുപ്രതികൾ ബീച്ച് ആശുപത്രി പരിസരത്തുനിന്നും റെയിൽവേ സ്റ്റേഷനടുത്തുനിന്നുമാണ് പിടിയിലായത്.
കവർന്ന ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പ്രതികളിൽനിന്ന് കണ്ടെടുത്തു.
നല്ലളം ഇൻസ്പെക്ടർ വിശ്വംഭരൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാർ, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, ഫറോക്ക് എ.സി.പിയുടെ കീഴിലെ പ്രത്യേക സംഘത്തിലെ ഐ.ടി. വിനോദ്, മധുസൂദനൻ, അനൂജ് വളയനാട്, സുബീഷ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.