താമരശ്ശേരി: മാരക ലഹരിമരുന്നായ 60 ഗ്രാം എം.ഡി.എം.എയും 250 ഗ്രാം കഞ്ചാവുമായി ലഹരി കച്ചവടക്കാരിയെ പൊലീസ് പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീന (42)യെയാണ് വെള്ളിയാഴ്ച പൊലീസ് പിടികൂടിയത്.
പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മലിൽ വാടകവീട്ടിൽനിന്നാണ് ഇവർ പിടിയിലായത്. മൂന്നു മാസത്തോളമായി വീട് വാടകക്കെടുത്ത് ഇവർ ഭർത്താവും കൂട്ടാളികളുമൊത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്നും ഒഡിഷയിൽനിന്നും എത്തിക്കുന്ന ലഹരിവസ്തുക്കൾ ഇവരാണ് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുന്നത്. റൂമിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നിന് രണ്ടുലക്ഷം രൂപ വിലവരും. കഴിഞ്ഞവർഷവും ഇവരുൾപ്പെട്ട നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിൽ വാടകവീട്ടിൽനിന്ന് ഒമ്പത് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി പി. പ്രമോദ്, താമരശ്ശേരി ഇൻസ്പക്ടർ സായൂജ്കുമാർ, എസ്.ഐ ബിജു, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി. ബിജു, എ.എസ്.ഐ ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.