ആയഞ്ചേരി: ആയഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന സമന്വയ പാവനാടക സംഘത്തിന് സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പ് പ്രത്യേക ധനസഹായം അനുവദിച്ചു. അഞ്ചുലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുള്ളത്. പാവനാടകത്തെ കൂടുതൽ ജനകീയമാക്കാനും പ്രോത്സാഹിപ്പിക്കാനുമായി ആയഞ്ചേരി സമന്വയ പാവനാടക സംഘം കെട്ടിടത്തിന്റെ ഒന്നാംനില സ്ഥിരം നാടകവേദിയാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്.
സമന്വയ പാവനാടക സംഘത്തിൽ സ്ഥിരം നാടക വേദിയും പരിശീലന കളരിയും ആരംഭിക്കുന്നതിലൂടെ പാവനാടക മേഖലയിലേക്ക് കൂടുതൽ കലാകാരന്മാരെ ആകർഷിക്കാനും ഒപ്പം സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്കും കലാസ്വാദകർക്കും ഈ കലാരൂപം ആസ്വദിക്കാനുമുള്ള ഇടമൊരുക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ വിവിധ കലാ സ്ഥാപനങ്ങൾക്ക് വിനോദ സഞ്ചാര ഭൂപടത്തിൽ ഒരു ഇടം നൽകുന്നതിലൂടെ വിനോദ സഞ്ചാരരംഗത്ത് പുതിയ മാനങ്ങൾ കൈവരിക്കുക എന്ന ടൂറിസം ഡിപ്പാർട്മെന്റിന്റെ പദ്ധതിയുടെ ഭാഗം കൂടിയാണ് ഈ ധനസഹായം. സ്കൂൾ വിദ്യാർഥികൾക്കുള്ള പാവനാടക പരിശീലന കളരിയും സമന്വയയുടെ പദ്ധതിയിലുണ്ട്.
നൂൽപാവകളി, കോൽപാവകളി, കൈയ്യുറപ്പാവകളി, തോൽപാവക്കൂത്ത് തുടങ്ങി വൈവിധ്യമാർന്ന പാവകളി രൂപങ്ങൾ നിലവിലുണ്ട്. ഏറെ സങ്കീർണമായ പാവകളിയാണ് നൂൽപാവകളി. നൂൽപാവ ഉപയോഗിച്ചു പാവ നാടകങ്ങൾ അവതരിപ്പിച്ചുവരുന്ന കേരളത്തിലെ എക സംഘമാണ് സമന്വയ. 1993ൽ ചിത്രകലാധ്യാപകനായ ടി.പി. കുഞ്ഞിരാമന്റെ നേതൃത്വത്തിലാരംഭിച്ച സമന്വയ പാവനാടക സംഘം കഴിഞ്ഞ 30 വർഷമായി ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പാവനാടകങ്ങൾ അവതരിപ്പിക്കുകയും പരിശീലന കളരികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.