നാദാപുരം: കഴിഞ്ഞ മാസം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശം വിതച്ച വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലച്ചു. ഇറിഗേഷൻ, റവന്യൂ, പൊതുമരാമത്ത് വകുപ്പുകളാണ് പുനരധിവാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. നിലവിൽ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരിക്കയാണ്.
റവന്യൂ വകുപ്പ് ഫണ്ട് അനുവദിക്കാത്തതാണ് പ്രവർത്തനങ്ങൾ നിലക്കാൻ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന. ഗതിമാറി ഒഴുകിയ പുഴയുടെ ഒഴുക്ക് പൂർവസ്ഥിതിയിലെത്തിക്കൽ ഗൗരവതരമായ വിഷയമായാണ് നാട്ടുകാർ കാണുന്നത്. കല്ലും മണ്ണും നിറഞ്ഞ് ആഴം കുറഞ്ഞു. പുഴയോരത്തെ പല വീടുകളും പുഴഗതി മാറിയതിനാൽ അപകടഭീഷണിയിലുമാണ്. വടക്ക് കിഴക്കൻ മൺസൂൺ ശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ മഴ കനത്താൽ വെള്ളം വീണ്ടും വീടുകളിലേക്ക് കയറുമെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. പുഴകളിൽ ഒഴുകിയെത്തിയ വൻ പാറക്കൂട്ടങ്ങളും അടിഞ്ഞുകൂടിയ മരക്കൂട്ടങ്ങളും അതേപടി നിലനിൽക്കുകയാണ്.
വീടുകളിലേക്ക് അടിഞ്ഞുകൂടിയ മണ്ണും ചളിയും സന്നദ്ധ പ്രവർത്തകർ ചേർന്ന് നീക്കിയെങ്കിലും കൃഷിയിടങ്ങളിലെ ചളിയും മണ്ണും നീക്കാതെതന്നെ കിടക്കുകയാണ്. ഫണ്ട് ലഭിക്കാതെ വന്നതോടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രങ്ങളെല്ലാം ജോലി നിർത്തിവെച്ചിരിക്കയാണ്. ഉരുൾപൊട്ടലിൽ നിരവധി കിണറുകൾ ഉപയോഗശൂന്യമായിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതല വില്ലേജ് ഓഫിസ് വഴിയാണ് നടത്തിയിരുന്നത്. ഇതിനകം 22 ലക്ഷത്തോളം രൂപ വിവിധ ഏജൻസികൾക്ക് വില്ലേജ് ഓഫിസിൽനിന്ന് നൽകാനുണ്ട്. എല്ലാം കടത്തിലാണെന്നും ഫണ്ട് എത്തിയാൽ മാത്രമേ തുടർപ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്നുമുള്ള നിലപാടിലാണ് വില്ലേജ് അധികൃതർ.
313 വീടുകൾ വാസയോഗ്യമല്ലെന്ന്
നാദാപുരം: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ സാഹചര്യം പഠിക്കാൻ ജില്ല ഭരണകേന്ദ്രം നിയോഗിച്ച സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിച്ചു. 485 വീടുകളിൽ നടത്തിയ പരിശോധനയിൽ 313 വീടുകൾ വാസയോഗ്യമല്ലെന്ന് വിലങ്ങാട് പുനരധിവാസത്തിനായി നിയമിച്ച സ്പെഷ്യൽ ഓഫിസർ ആർ.ഡി.ഒ പി. അൻവർ സാദത്ത് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. മഞ്ഞച്ചിളി, പാനോം, വലിയ പാനോം, ആനക്കുഴി, മാടാഞ്ചേരി കുറ്റല്ലൂർ, പന്നിയേരി, വായാട് മേഖലകളിലാണ് സംഘം സന്ദർശിച്ചത്. ഈ മേഖലകളിലെ നൂറിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടി ഒലിച്ചിറങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലത്തെ യഥാർഥ കണക്ക് തിട്ടപ്പെടുത്താൻ വിദഗ്ധ സമിതിയെ ജില്ല ഭരണകൂടം നിയോഗിച്ചത്.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയ 14 വീടുകളിലെയുൾപ്പെടെ 44 കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വനവാസി ഉന്നതി കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 313 കുടുംബങ്ങളെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്നും ശിപാർശയുണ്ട്. എൽ.എസ്.ജി.ഡി, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തിയത്. പൂർണമായി തകർന്ന വീട്, ഭാഗികമായി തകർന്ന വീടുകൾ, തകർച്ചഭീഷണി നേരിടുന്ന വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ, ബലക്ഷയമുണ്ടായ കടകളും കെട്ടിടങ്ങളും എന്നിങ്ങനെ തരംതിരിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.