കൊയിലാണ്ടി: സംസ്ഥാന ബജറ്റിൽ നിയോജക മണ്ഡലത്തിന് 20 കോടി. അഞ്ചു പദ്ധതികൾക്കാണിത്. കാപ്പാട് ചരിത്ര സ്മാരകം പണിയുന്നതിന് 10 കോടി അനുവദിച്ചു. പന്തലായനി ഗവ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിന് കെട്ടിടം നിര്‍മിക്കാന്‍ 3.5 കോടി അനുവദിച്ചു.
പയ്യോളി നഗരസഭയിലെ കീഴൂര്‍ ഗവ.യു.പി സ്കൂളിന് കെട്ടിട നിര്‍മാണത്തിന് 2.5 കോടിയും മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ 2.5 കോടിയും അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ ടോക്കണ്വെച്ച പ്രവൃത്തിയാണിത് രണ്ടും. ഏഴുകുടിക്കല്‍ ഗവ. എല്‍.പി സ്കൂളിന് കെട്ടിടം നിർമിക്കാന്‍ 1.5 കോടി അനുവദിച്ചു.
മറ്റ് 13 പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുക നല്കി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മൂന്നു കോടി, കാപ്പാട് തുഷാരഗിരി റോഡ് നവീകരണത്തിന് ഒരു കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് കെട്ടിടം പണിയുന്നതിന് മൂന്നു കോടി, കോരപ്പുഴ-കാപ്പാട്-പാറപ്പള്ളി- ഉരുപുണ്യകാവ് – തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് – മിനിഗോവ – സാന്‍ഡ് ബാങ്ക്സ് ടൂറിസം കോറിഡോര്‍ ഒരു കോടി , ചെങ്ങോട്ടുകാവ് – ഉള്ളൂര്‍കടവ് റോഡ് വീതികൂട്ടല്‍ പ്രവൃത്തിക്ക് 6.5 കോടി.
പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വകലാശാലയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മികവിന്റെ കേന്ദ്രം ഒരു കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ സ്മാരക സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഞ്ചു കോടി, അകലാപ്പുഴ ടൂറിസം പദ്ധതി ഒരു കോടി, കൊയിലാണ്ടി ഷീ ഹോസ്റ്റല്‍ രണ്ടു കോടി, വലിയമലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ ഉപകേന്ദ്രം ഒരു കോടി, വന്മുഖം-കീഴൂര്‍ റോഡ് ഒരു കോടി, അകലാപ്പുഴ-നെല്ല്യാടി പുഴയോര ടൂറിസം പദ്ധതി അഞ്ചു കോടി എന്നിവയാണ് ബജറ്റിൽ പരാമർശിച്ച പദ്ധതികൾ.