വടകര: നവ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ വിഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിക്കുന്നതിനെതിരെ എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീൽ നോട്ടീസ് അയച്ചു.
ഷാഫിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ ബോധപൂർവം സൃഷ്ടിച്ചതെന്നും വ്യാപകമായ നിലയിൽ വ്യക്തിഹത്യയും ലൈംഗിക ചുവയോടെയുള്ള പരാമർശവും മോർഫ് ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കുന്ന യു.ഡി.എഫ് പ്രവർത്തകർക്ക് സർവ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നും അഡ്വ. കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ കുറ്റപ്പെടുത്തി. നവ മാധ്യമങ്ങളിലെ ചിത്രങ്ങളും വ്യാജ വിഡിയോകളും മറ്റും അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞു.