ബേപ്പൂർ:കടലാമ സംരക്ഷണത്തിന്റെ പേരിൽ ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് സംസ്ഥാനത്തെ സമുദ്രോല്പന്ന കയറ്റുമതി വ്യവസായം പ്രതിസന്ധിയിൽ.ചെമ്മീൻ പിടിക്കാൻ ട്രോൾബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ കടലാമകളെ രക്ഷിക്കുന്ന ടി.ഇ.ഡി (ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) ഘടിപ്പിക്കാത്തതുമൂലം കടലാമകൾക്ക് വംശനാശം സംഭവിക്കുകയാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
1972 മുതൽ ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന വന്യജീവി സംരക്ഷണ നിയമപ്രകാരം, കടലാമകൾ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടതാണെന്നും, സംരക്ഷണം ഉറപ്പാക്കിയെന്നുമുള്ള വാദങ്ങൾ അമേരിക്ക അംഗീകരിക്കുന്നില്ല.
2019 മുതൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കടൽ ചെമ്മീനിൻ്റെ ഇറക്കുമതി നിരോധനം തുടർന്നുവരികയാണ്. നാരൻ, പൂവാലൻ, കരിക്കാടി,കഴന്തൻ, കാര തുടങ്ങിയ ചെമ്മീൻ ഇനങ്ങൾ നിരോധന പട്ടികയിൽപ്പെടുന്നു.
പ്രതിവർഷം ഏകദേശം 2,000 കോടി രൂപയുടെ ചെമ്മീൻ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ഇതിൽ 1,500 കോടിയുടെ കയറ്റുമതി കേരളത്തിൽ നിന്ന് മാത്രമാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചെമ്മീൻ പിടിക്കുന്ന സംസ്ഥാനങ്ങളായ കേരളം,തമിഴ്നാട്, കർണാടക, ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്,പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിരോധനം മൂലമുണ്ടായ പ്രതിസന്ധി മേഖലയെ സാരമായി ബാധിച്ചു.
സംസ്ഥാനത്തെ 250-ലധികം കയറ്റുമതിക്കാർ, 400 ശീതീകരണശാലകൾ, പ്രതിദിനം 4920 ടൺ സംസ്കരണശേഷിയുള്ള മത്സ്യ സംസ്കരണ-സംഭരണ ശാലകൾ,550- ൽപ്പരം വരുന്ന പീലിങ് ഷെഡുകൾ തുടങ്ങിയവയിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല.
പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്നത് മത്സ്യമേഖലക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
സ്തംഭനാവസ്ഥ മേഖലയിലെ വ്യവസായികൾക്ക് ശതകോടികളുടെ നഷ്ടമുണ്ടാക്കി.വിദേശ വിപണിയിൽ പ്രിയം നേടിയ പൂവാലൻ ചെമ്മീനിൻ്റെ വില 200- 250 ൽ നിന്ന് 80- 100 രൂപയായി കുറഞ്ഞു. 400 രൂപ ലഭിച്ചിരുന്ന നാരൻ ചെമ്മീൻ 200 രൂപയ്ക്കും 600 – 700 രൂപ വിലയുള്ള കാര ചെമ്മീൻ 400- 450 രൂപയായും കുറഞ്ഞു. കഴന്തന്റെ വില 250 ൽ നിന്ന് നൂറിലേക്കും കരിക്കാടിക്ക് 100 ൽ നിന്ന് 40 ലേക്കും കുത്തനെ താഴ്ന്നു. ഇത് യന്ത്രവൽകൃത ബോട്ടുകളെയും, പരമ്പരാഗത മീൻപിടിത്തക്കാരെയും അനുബന്ധ മേഖലയിലുള്ളവരെയും സാരമായി ബാധിച്ചു.മത്സ്യബന്ധനത്തിന്റെ ചിലവുകൾ അനുദിനം വർധിക്കുന്ന അവസ്ഥയിൽ ചെമ്മീനിൻ്റെ വിലയിടിവ് കടുത്ത പ്രഹരവും, തൊഴിലാളികളുടെ പട്ടിണിയുടെ ആക്കം കൂട്ടുന്നതുമാണ്.
ട്രോൾ വലകളിൽ ടി.ഇ.ഡി ഘടിപ്പിക്കുവാൻ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകൾ കർശന നിർദേശം നൽകുകയും, നിരോധനം നീക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തുകയും ചെയ്തില്ലെങ്കിൽ സീസൺ കനത്ത പരാജയത്തിലാകുമെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡൻറ് അലക്സ് നൈനാൻ പറഞ്ഞു.