ഉള്ള്യേരി: കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ കഴിഞ്ഞ നാല് ദിവസമായി നടത്തിവന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ബസ് ഡ്രൈവറെ മർദിച്ച കാർ യാത്രികർക്കെതിരെ പൊലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംയുക്ത തൊഴിലാളി യൂനിയൻ അറിയിച്ചു. അത്തോളി പൊലീസ് ഇൻസ്പക്ടറുമായി നടത്തിയ ചർച്ചയിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാവശ്യമായ നടപടി ഉണ്ടാവുമെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഡ്രൈവറെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കുമെന്നും, അതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകിയതായും സമരക്കാർ അറിയിച്ചു.