ബേപ്പൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചപ്പോൾ ചാകരയുടെ സ്വപ്നങ്ങൾ നെയ്ത് മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക് കുതിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടതടക്കമുള്ള എല്ലാ പ്രയാസങ്ങളും മറികടക്കാൻ കടൽ ഇക്കുറി കനിയുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും. അടുത്ത ദിവസങ്ങളിലായി കൂടുതൽ മഴ ലഭിച്ചതും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ നാട്ടിലേക്കു മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും തിരികെയെത്തി ജോലിയിൽ പ്രവേശിച്ചു. കടലിലേക്ക് പുറപ്പെടുന്ന കന്നിയാത്രക്ക് കാലാവസ്ഥ തടസ്സമാകുമോ എന്ന ആശങ്കയിലായിരുന്നു തൊഴിലാളികൾ. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ ബോട്ടുകൾ കടലിലേക്ക് പുറപ്പെടുന്ന കാര്യത്തിൽ ബുധനാഴ്ച ഉച്ചവരെ അനിശ്ചിതത്വം നിലനിന്നു. കേന്ദ്രകാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം കടലിൽ കാറ്റിന് സാധ്യതയുണ്ടെന്ന വിവരംകൂടി ലഭിച്ചതോടെ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും ആശയക്കുഴപ്പത്തിലായി. തുടർന്നുബോട്ട് ഉടമ സംഘങ്ങളും തൊഴിലാളികളും അധികൃതരിൽനിന്നും വിവരങ്ങൾ ആരാഞ്ഞു. നിശ്ചയിച്ച പോലെ ബുധനാഴ്ച രാത്രി തന്നെ മത്സ്യബന്ധനത്തിന് പുറപ്പെടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
ആധുനിക സജ്ജീകരണങ്ങളുള്ള വലിയ ബോട്ടുകളാണ് രാത്രി 12 മണിയോടെ മീൻ പിടിത്തത്തിനായി പുറപ്പെട്ടത്. ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായി രജിസ്റ്റർ ചെയ്ത 1250 ഓളം യന്ത്രവൽകൃത ബോട്ടുകളാണുള്ളത്. ഇവയിൽ 650 എണ്ണവും ബേപ്പൂരിലാണ്. മുന്നൂറിലേറെ പുതിയാപ്പയിലുമുണ്ട്.
മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും ആവശ്യം പരിഗണിച്ച് ഡീസൽ ബങ്കുകൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേക അനുവാദം നൽകിയിരുന്നു. വലിയ ബോട്ടിൽ 3000-3500 ലിറ്റർ ഡീസൽ, 300-500 ബ്ലോക്ക് ഐസ്, 5000 ലിറ്റർ ശുദ്ധജലം എന്നിവ ആവശ്യമാണ്. ഒരു ബോട്ടിൽ ഡീസലും ഐസും നിറക്കാൻ കുറഞ്ഞത് മൂന്നു മണിക്കൂർ വീതം വേണ്ടിവരും. ഇതിനാലാണ് ഫിഷറീസ് അധികൃതർ ഡീസൽ ബങ്കുകൾ നേരത്തെ തുറക്കാൻ അനുമതി നൽകിയത്. ഇതോടെ, ഹാർബറിലെ പമ്പുകളിൽ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ തിരക്കായിരുന്നു.