ബാലുശ്ശേരി: കിനാലൂർ മങ്കയത്തും 27ാം മൈലിലും ഉരുൾപൊട്ടി. മങ്കയം നെട്ടമ്പ്രച്ചാലിൽ മലയിൽ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഉരുൾ പൊട്ടിയത്. സമീപത്തൊന്നും താമസക്കാരില്ലാത്തതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. മലയിൽനിന്ന് പാറക്കല്ലുകളും ചളിവെള്ളവും താഴേക്ക് കുത്തിയൊലിച്ചെത്തിയിട്ടുണ്ട്. അകലെയായി രണ്ടു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മുൻകരുതലെന്നോണം ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
തലയാട് 27ാം മൈലിൽ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ഭാഗത്തും ഉരുൾപൊട്ടി. ഇവിടെ റോഡിലേക്ക് മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തിയിട്ടുണ്ട്. കനത്തമഴ തുടരുന്നത് ഭീഷണിയായിട്ടുണ്ട്. ഇതുവഴി രാത്രിയിൽ വാഹന സഞ്ചാരം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.