മുക്കം: വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് പത്താം സീസണ് ഇന്ന് തുടക്കമാവും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കിഴക്കൻ മേഖലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് 15 ഓളം പ്രീ ഇവന്റ് മത്സരങ്ങളാണ് ഇത്തവണ നടന്നത്. വ്യാഴാഴ്ച ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിൽ കുറ്റ്യാടി പുഴയിലാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. ഇതുവരെ പൂർത്തിയായ 15 ഓളം പ്രീ ഇവന്റുകളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് പ്രീ ഇവന്റ് കോഓഡിനേറ്റർ അജു എമ്മാനുവൽ പറഞ്ഞു. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ചാമ്പ്യൻഷിപ് ഞായറാഴ്ച വരെ കുറ്റ്യാടി പുഴയിലും ചാലിപ്പുഴയിലും ഇരു വഴിഞ്ഞിയിലുമായാണ് നടക്കുക.
കോവിഡ് കാലത്ത് നിർത്തിവെച്ച ഫ്രീ സ്റ്റൈൽ മത്സരങ്ങൾ ഇത്തവണ പുനരാംരഭിക്കും. വ്യാഴാഴ്ച ചക്കിട്ടപ്പാറയിലെ ഫ്രീസ്റ്റൈൽ മത്സരങ്ങൾ രാവിലെ പത്തിന് മീൻതുള്ളിപ്പാറയിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യും. ഒളിമ്പിക്സ് മത്സരയിനങ്ങളായ സ്ലാലം, എക്സ്ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴയിലും നടക്കും. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും തദ്ദേശീയ താരങ്ങളും ചാമ്പ്യൻഷിപ്പിൽ തുഴയെറിയും. മുൻ വർഷത്തെ ‘വേഗ രാജാവ്’ അമിത് ഥാപ്പ ഉൾപ്പെടെ ഉത്തരേന്ത്യൻ താരങ്ങളും ഫ്രാൻസ്, ന്യൂസിലന്റ്, നോർവെ, ഇറ്റലി, റഷ്യ, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും സ്ഥലത്തെത്തി. വെള്ളി, ശനി ദിവസങ്ങളിൽ കോടഞ്ചേരി പുലിക്കയത്താണ് മത്സരങ്ങൾ. റിവർ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30 ന് പുലിക്കയത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ഞായറാഴ്ച പുല്ലൂരാംപാറ ഇലന്തു കടവിൽ സമാപന ചടങ്ങ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകീട്ട് ആറിന് പുലിക്കയത്ത് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. ഞായറാഴ്ച രാത്രി ഇലന്തുകടവിൽ അതുൽ നറുകരയുടെ മ്യൂസിക് ബാൻഡ് വേദിയിലെത്തും. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.