ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംസ്ഥാന പാതയിലെ ഓവുചാൽ പൂർത്തിയാക്കാത്തതിനാൽ മലിനജലം റോഡിലേക്ക് ഒഴുകി ദുരിതമാകുന്നു. ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവരെ മാത്രമാണ് ഓവുചാൽ പൂർത്തിയായത്. ബാക്കി അമ്പതു മീറ്ററോളം ഭാഗം പണി നടന്നിട്ടില്ല. ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മലിനജലം ആശുപത്രിക്ക് മുന്നിൽവെച്ച് ഉയരം കുറഞ്ഞ പഴയ ഓവ് ചാലിലൂടെ കവിഞ്ഞൊഴുകി റോഡിലേക്ക് എത്തുകയാണ്. ഇവിടെ ഓട്ടോറിക്ഷ പാർക്കിങ്ങും ഉണ്ട്. ആശുപത്രിയിലേക്കെത്തുന്ന രോഗികൾ ഓവുചാലിൽനിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം ചവിട്ടി വേണം എത്താൻ. പഴയ ഓവുചാലിൽ മാലിന്യവും കെട്ടിക്കിടക്കുന്നുണ്ട്.
സംസ്ഥാന പാത നവീകരണ പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന കെ.എസ്.ടി.പി എൻജിനീയർക്ക് സാമൂഹിക പ്രവർത്തകനായ മനോജ് കുന്നോത്ത് പരാതി നൽകിയതിനെ തുടർന്നു ജീവനക്കാരെത്തി ഓവുചാലിൽനിന്ന് മണ്ണും മറ്റു മാലിന്യങ്ങളും താൽക്കാലികമായി മാറ്റിയിരിക്കയാണ്. ശക്തമായ മഴ പെയ്താൽ ഓവുചാലിലൂടെയെത്തുന്ന മലിനജലം വീണ്ടും റോഡിലേക്കുതന്നെ കവിഞ്ഞൊഴുകും. എത്രയും വേഗം ഓവുചാൽ പണി ബാക്കികൂടി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.