മുക്കം: കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഇരുവഞ്ഞിപ്പുഴയിൽ ഒഴുകിപ്പോയ സ്ത്രീയെ മുക്കം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവിയെയാണ് (74) മുക്കം അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ അഗസ്ത്യൻമുഴി പാലത്തിനു സമീപമാണ് സംഭവം.
കുളിക്കാനായി ഇറങ്ങിയ മാധവി പുഴയിലേക്ക് വീഴുകയായിരുന്നു. സ്ത്രീ ഒഴുകിപ്പോകുന്നത് അഗസ്ത്യമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ് കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളും അഫ്നാസ്, സജീർ, ദിലീപ് എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തി. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. സ്ത്രീക്ക് കാര്യമായ പരിക്കില്ല. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, അസി. സ്റ്റേഷൻ ഓഫിസർ പി. അബ്ദുൽ ഷുക്കൂർ, സേനാംഗങ്ങളായ ആർ. മിഥുൻ, കെ. ഷനീബ്, കെ. അഭിനേഷ്, എം. സുജിത്ത്, എം. നിസാമുദ്ദീൻ, കെ.എസ്. ശരത്, വി.എം. മിഥുൻ, കെ.എസ്. വിജയകുമാർ, ചാക്കോ ജോസഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.