മുക്കം: കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു. ഒരാഴ്ചയോളമായി തുടരുന്ന മഴയിൽ ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും കരകവിഞ്ഞു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇരുവഴിഞ്ഞി തീരത്തുള്ള മുക്കം പാലം – ചോണാട് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെറുപുഴയുടെ തീരത്തുള്ള കാരശ്ശേരി കുമരണനെല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിലും വെള്ളം കയറി. ചെറുവാടി താഴത്ത് മുറി ഭാഗത്ത് വെള്ളം കയറിയതോടെ നിരവധി വീട്ടുകാർ ഭീതിയിലാണ്. പ്രദേശത്തെ ഓവുചാൽ അടഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്നാണ് കരുതുന്നത്. ചേന്ദമംഗല്ലൂർ പുൽപറമ്പ് പ്രദേശം, കച്ചേരി ഗ്രൗണ്ട്, കുമാരനെല്ലൂർ ഗ്രൗണ്ട് എന്നിവിടങ്ങളിലും വെള്ളം കയറിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് രണ്ടു വീടുകൾ അപകട ഭീഷണിയിലാണ്. കാരശ്ശേരി പഞ്ചായത്തിലെ കൽപൂര് സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. സലീമിന്റെ വീടിന്റെ തൊട്ടു താഴെ ഉള്ള ആളൊഴിഞ്ഞ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. ഇതോടെ രണ്ട് വീടുകളും അപകടവസ്ഥയിലാണ്. സലീമിന്റെ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സലീമിന്റെ വീട്ടുകാരോട് മാറിത്താമസിക്കാൻ കുമാരണനിലൂർ വില്ലേജ് ഓഫിസർ നിർദേശം നൽകി.
പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, വാർഡ് മെംബർ ശാന്താദേവി മൂത്തേടത്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് തെയ്യത്തുംകാവ് 72 കാരി കൊറ്റികുട്ടിയുടെ ഉപജീവന മാർഗമായിരുന്ന ആട് ഫാമിന്റെ ചുറ്റുമതിൽ കനത്തമഴയിൽ ഇടിഞ്ഞു വീണു.
കുന്ദമംഗലം: കനത്ത മഴയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം വെള്ളത്തിൽ. ചെത്തുകടവിൽ പുഴയരികിൽ സ്ഥിതി ചെയ്യുന്ന കളിസ്ഥലത്താണ് വെള്ളം കയറിയത്. ഗ്രാമപഞ്ചായത്തിന്റെ ഏക മിനി സ്റ്റേഡിയമാണിത്. പുഴയിൽ വെള്ളം കയറിയതിനാൽ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ചേലൂർ തടായിൽ, കുറുമണ്ണിൽ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള വഴിയിൽ വെള്ളം കയറി അങ്ങോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മഴ തുടർന്നാൽ പമ്പ് ഹൗസിലും വെള്ളം കയറാൻ സാധ്യതയുണ്ട്. കുന്ദമംഗലത്ത് പല ഭാഗങ്ങളിലും കനത്ത മഴയെ തുടർന്ന് റോഡിലും വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് രാത്രിയിലും കനത്ത മഴ തുടരുകയാണ്.
കുന്ദമംഗലം: ദേശീയപാതയിൽ പടനിലത്ത് വെള്ളക്കെട്ട്. ചെറിയ മഴ പെയ്താൽ പോലും റോഡ് മുഴുവൻ വെള്ളം കെട്ടി നിൽക്കും. ഓവുചാൽ ഇല്ലാത്തതാണ് ഇത്ര വലിയ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. തിരക്കേറിയ റോഡിൽ ഇരുചക്ര വാഹങ്ങളിലും ചെറിയ വാഹനങ്ങളിലുമായി യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ ദുരിതം തീർക്കുന്നു. ചെലവൂർ മിനി സ്റ്റേഡിയത്തിൽ വെള്ളം കയറി. മഴയെ തുടർന്നു പൂനൂർ പുഴയിൽ ക്രമാതീതമായി വെള്ളം കയറിയതിനാലാണ് കോർപറേഷൻ ചെലവൂർ മിനി സ്റ്റേഡിയം വെള്ളത്തിലായത്.
കൊടുവള്ളിയിൽ നിന്ന് വരുമ്പോൾ കുമ്മങ്ങോട് വളവ് കഴിഞ്ഞ ഉടനെയുള്ള റോഡിൽ വാഹനങ്ങൾ വെള്ളക്കെട്ടിലേക്കാണ് എത്തുക. ഇത് വലിയ അപകടത്തിന് ഇടവരുത്തും. വിഷയം ദേശീയപാത അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കുന്ദമംഗലം: കനത്ത മഴയിൽ ചേരിഞ്ചാൽ റോഡിൽ വെള്ളാരംകുന്ന് അംഗൻവാടിക്ക് സമീപം ഓവുചാൽ അടഞ്ഞതിനെ തുടർന്ന് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു. കരിമ്പനക്കൽ കോളനി റോഡും സമീപത്തെ സ്വകാര്യ റോഡും വെള്ളക്കെട്ടിലാണ്. പ്രധാന റോഡിലും ഇതുമൂലം വെള്ളം കയറുന്നുണ്ട്. കാൽനടക്കാരും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ദുരിതത്തിലാണ്. മഴ ഇനിയും തുടർന്നാൽ വെള്ളക്കെട്ട് രൂക്ഷമാകും.