കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ രണ്ട് യു.ഡി.എഫ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ മുൻസിഫ് കോടതി നടപടി ജില്ല കോടതി സ്റ്റേ ചെയ്തു. പത്താം വാർഡ് അംഗം ജിഷ ചോലക്കമണ്ണിൽ, പതിനാലാം വാർഡ് അംഗം പി. കൗലത്ത് എന്നിവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിയാണ് ജില്ല കോടതി സ്റ്റേ ചെയ്തത്. 2010-15 കാലഘട്ടത്തിൽ പഞ്ചായത്ത് അംഗങ്ങളായിരുന്നു ഇരുവരും. 2011-12ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ രണ്ട് പദ്ധതികളിലെ ഓഡിറ്റ് ഒബ്ജക്ഷൻ അനുസരിച്ച് 40259 രൂപ വീതം കാലയളവിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ ബാധ്യത മറച്ചുവെച്ചാണ് ജിഷയും കൗലത്തും 2020ൽ മത്സരിച്ചതെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. സൂക്ഷ്മ പരിശോധനയിൽ റിട്ടേണിങ് ഓഫിസർ പത്രിക സ്വീകരിച്ചതിനെ തുടർന്നാണ് അന്ന് എൽ.ഡി.എഫിന്റെ സ്ഥാനാർഥികൾ കോടതിയിൽ പോയത്.
40259 രൂപ വീതം മെംബർമാർ അടക്കണമെന്ന നിയമ വിരുദ്ധമായ തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കുകയും കോടതി മേൽ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നുവെന്ന് യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി.വി. സംജിത്ത്, കൺവീനർ അരിയിൽ മൊയ്തീൻ ഹാജി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. 2020ൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ച പി. കൗലത്തിന്റെയും ജിഷ ചോലക്കമണ്ണിലിന്റെയും നോമിനേഷൻ പ്രസ്തുത കാരണം പറഞ്ഞ് തള്ളിക്കുന്നതിന് ഇടതുപക്ഷം ശ്രമം നടത്തിയിരുന്നുവെന്നും സംസ്ഥാന ഇലക്ഷൻ കമീഷൻ നിർദേശ പ്രകാരം റിട്ടേണിങ് ഓഫിസർ അവസാന നിമിഷം നോമിനേഷൻ സ്വീകരിക്കുകയും രണ്ടുപേരും മത്സരിച്ച് വിജയിക്കുകയും ചെയ്യുകയായിരുന്നുവെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
പരാജയപ്പെട്ട എൽ.ഡി.എഫിന്റെ സ്ഥാനാർഥികളായ ജിനിഷ കണ്ടിയിലും രജനി പുറ്റാട്ടും കോഴിക്കോട് മുൻസിഫ് കോടതിയിൽ പരാതി നൽകുകയും കോടതി കൗലത്തിന്റെയും ജിഷയുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കി ഇവരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ കൗലത്തും ജിഷയും ജില്ല കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് കീഴ് കോടതി വിധി സ്റ്റേ ചെയ്തിരിക്കുന്നത്. ഹരജിക്കാരായ കൗലത്ത്, ജിഷ എന്നിവർക്കുവേണ്ടി അഡ്വ. സിദ്ധാർഥൻ ഹാജരായി.
എന്നാൽ, ജിഷക്കും കൗലത്തിനും വിധി വരുന്നതുവരെ യോഗങ്ങളിൽ വോട്ടവകാശമുണ്ടയിരിക്കില്ലെന്നും ഓണറേറിയം കൈപ്പറ്റാൻ പാടില്ലെന്നുമുള്ള നിബന്ധനയാലാണ് മുൻസിഫ് കോടതി വിധി ജില്ല കോടതി സ്റ്റേ ചെയ്തതെന്ന് ഹരജിക്കരുടെ വക്കീൽ അഡ്വ. ദീപു പറഞ്ഞു.