വടകര: കേരളം ഉറ്റുനോക്കിയ വീറുറ്റ പോരാട്ടം നടന്ന വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ശ്രദ്ധാകേന്ദ്രമാകുന്നു. കെ.കെ. ശൈലജ ടീച്ചറെ പരാജയപ്പെടുത്തി 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വടകരയുടെ ഹൃദയം കവർന്ന ഷാഫി പറമ്പിൽ, ആ അക്കം ഒരിക്കലും മറക്കാതിരിക്കാനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.
വടകരയുടെ പച്ചപ്പിന് കരുത്തേകാൻ ഭൂരിപക്ഷത്തിന് തുല്യമായ 1,14,506 മരത്തൈകൾ മണ്ഡലത്തിൽ നട്ടുവളർത്താനാണ് ശ്രമം. ഇതൊരു പ്രഖ്യാപനമല്ലെന്നും പരിശ്രമമാണെന്നും ഷാഫി വ്യക്തമാക്കി. ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തവണ കെ. മുരളീധരന് ലഭിച്ചതിനേക്കാൾ 29,729 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ കോൺഗ്രസ് നേടിയത്. 2009നും 2014നും 2019നും പിന്നാലെ ഇത്തവണയും യു.ഡി.എഫ് വൻ വിജയം നേടിയതോടെ സി.പി.എമ്മിന്റെ ‘ഇടതു മണ്ഡലമാണ്’ കോൺഗ്രസിന്റെ ഉറച്ച കോട്ടയായി മാറിയത്.
വീറും വാശിയും വിറയലും വിറപ്പിക്കലും ഓരോ ദിവസവും ഏറിവന്ന് തീ പാറിയ വടകര പോരാട്ടത്തിൽ സി.പി.എമ്മിന്‍റെ ‘നമ്പർ വൺ’ സ്ഥാനാർഥിയായ കെ.കെ. ശൈലജയെ രംഗത്തിറക്കിയിട്ടും നേരിടേണ്ടിവന്ന കനത്ത തോൽവി പാർട്ടിക്ക് വലിയ ആഘാതമാണ്. ടീച്ചറുടെ ജനകീയതയിൽ’ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു പാർട്ടി. സിറ്റിങ് എം.പി കെ. മുരളീധരൻ തൃശൂരിലേക്ക് മാറി അപ്രതീക്ഷിതമായി എത്തിയ ഷാഫി, ആദ്യ വരവിൽത്തന്നെ പതിനായിരത്തിലധികം ആളുകളെ അണിനിരത്തിയ റാലി എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചത് യു.ഡിഎഫിന് വലിയ ഇന്ധനമായിരുന്നു.