ബാലുശ്ശേരി: ബാലുശ്ശേരി അർബൻ ബാങ്ക് വനിത കലക്ഷൻ ഏജന്റ് സ്വർണവും പണവും തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസെടുത്തു. കലക്ഷൻ ഏജന്റ് തുരുത്ത്യാട് നമ്പിടി വീട്ടിൽ മിനി സജീവന്റെ പേരിൽ 406, 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് ജൂൺ 24ന് തട്ടിപ്പിനിരയായ അഞ്ചു പേർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം നടത്താതെ പൊലീസ് ഒഴിഞ്ഞുമാറുകയായിരുന്നു. തട്ടിപ്പ് വാർത്താമാധ്യമങ്ങളിൽ വന്നതോടെ പൊലീസ് കലക്ഷൻ ഏജന്റ് മിനിയെയും പരാതിക്കാരെയും സ്റ്റേഷനിൽ വിളിപ്പിച്ച് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
തിങ്കളാഴ്ച വീണ്ടും വിളിപ്പിച്ചപ്പോൾ മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായുള്ള കരാർ ഒപ്പിട്ട് നൽകാൻ മിനി സജീവൻ വിസമ്മതിക്കുകയും സ്വർണവും പണവും വാങ്ങിയതിന് തെളിവില്ലെന്നു പറഞ്ഞ് പരാതിക്കാരോട് കോടതിയിൽ പോകാൻ ആജ്ഞാപിക്കുകയുമായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസും പരാതിക്കാരെ കൈയൊഴിഞ്ഞിരുന്നു. ഇതിനിടെ തിങ്കളാഴ്ച ബി.ജെ.പിയുടെ നേതൃത്വത്തിൽ അർബൻ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും നടന്നു. പണവും സ്വർണവും നഷ്ടപ്പെട്ടവർ യോഗം വിളിച്ച് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകാനും സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.
നടപടി എടുക്കാത്തതിനെതിരെ കോൺഗ്രസും രംഗത്തുവന്നതോടെ പൊലീസ് ചൊവ്വാഴ്ച വൈകീട്ടോടെ കേസെടുക്കുകയായിരുന്നു. അഞ്ച് പരാതിക്കാരിൽ തുരുത്ത്യാട് പിലാത്തോട്ടത്തിൽ പ്രിയയുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. പ്രിയക്ക് 52 പവൻ സ്വർണവും 15 ലക്ഷം രൂപയുമാണ് നഷ്ടമായിട്ടുള്ളത്. പ്രിയയുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിക്കാരായ മറ്റു നാലുപേരുടെ മൊഴിയും രേഖപ്പെടുത്തും. പൊലീസിൽ പരാതിയുമായി ഇനിയും കൂടുതൽ പേർ രംഗത്തുവരാനും സാധ്യതയുണ്ട്.