കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പ് നടത്തിയത് വിദഗ്ധ സംഘം. പെട്ടെന്നുതന്നെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതോടെ കോടികള്‍ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം കോഴിക്കോട് സൈബര്‍ പൊലീസ് സംഘം ഇല്ലാതാക്കുകയായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെയാണ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 മാസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലായുള്ള അഞ്ച് പ്രതികളെ പിടികൂടാനായത്. ഗോവയിലെ കാസിനോയില്നിന്നാണ് പ്രതികള്‍ കൂടുതല്‍ അടുത്തതും തട്ടിപ്പിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതും. കേസില്‍ അവസാനം പിടിയിലായ തെലുങ്കാന സ്വദേശി പ്രശാന്താണ് തട്ടിപ്പിലെ പ്രധാനി.
തട്ടിപ്പിന് മുമ്പേതന്നെ വിശദമായ പദ്ധതി പ്രതികള്‍ ഒരുക്കിയിരുന്നതായി സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല് മീണ പറഞ്ഞു. പണം അത്യാവശ്യമാണെന്ന് പറഞ്ഞ് വിഡിയോ കോള്‍ ചെയ്ത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ സഹിതം തട്ടിപ്പ് നടത്തുകയായിരുന്നു.
എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിഡിയോ നിർമിച്ച് കോഴിക്കോട് സ്വദേശിയെ വാട്സ്ആപ് വഴി ബന്ധപ്പെട്ടത് പ്രശാന്ത് എന്ന മുഹമ്മദ് അലിയായിരുന്നു. പ്രശാന്തിന് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നതിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചതും വ്യാജ വാട്സ്ആപ് അക്കൗണ്ടുകള്‍ നിർമിച്ചു കൊടുത്തതും മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടില്‍, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരായിരുന്നു. തട്ടിപ്പിനുപയോഗിച്ച ഗൂഗിള്‍ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും നല്‍കിയത് ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിയായ കൗശല്‍ ഷായും തട്ടിപ്പിലൂടെ എത്തിയ പണം ബാങ്ക് വഴി പിന്‍വലിച്ചു നല്‍കിയത് ഷേക്ക് മുര്‍തസ ഹയാത് ഭായിയുമാണ്. എല്ലാവരും ഒരുമിച്ച് ഒരിടത്ത് വെച്ചായിരുന്നില്ല തട്ടിപ്പുകള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത കോഴിക്കോട് സ്വദേശിയെ 2023 ജൂലൈ മാസമാണ് സംഘം തട്ടിപ്പിനിരയാക്കിയത്. കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വിഡിയോ ഇമേജും ഫേക്ക് ആയി നിര്‍മിച്ച് ആശുപത്രി ചെലവിനാണെന്ന വ്യാജേനെ 40,000 രൂപയാണ് തട്ടിയെടുത്തത്.