ബാലുശ്ശേരി: ജൽജീവൻ മിഷൻ പദ്ധതിയും അദാനി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയും പ്രവൃത്തി തുടങ്ങിയതോടെ ബാലുശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ പുതിയ ഗ്രാമീണ റോഡുകളും ഇടവഴികളും തകർന്നു കാൽനടയാത്രക്കുപോലും പറ്റാത്ത അവസ്ഥയിലായി. പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴികൾ നിർമിക്കാൻ ബ്രെയ്ക്കർ ഉപയോഗിക്കുന്നതിനാൽ കോൺക്രീറ്റ് റോഡുകളെല്ലാം തകർന്നു. ബാലുശ്ശേരി പഞ്ചായത്തിലെ 17 വാർഡുകളിലും ജൽജീവൻ പദ്ധതിയുടെ കുടിവെള്ള വിതരണത്തിന് അംഗീകാരമുണ്ടെങ്കിലും 80 ശതമാനം പ്രവൃത്തിയേ ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളൂ. പല വാർഡുകളിലും ജലവിതരണം ഇനിയും പൂർണമായിട്ടില്ല. വാട്ടർ കണക്ഷൻ നൽകാൻ ഇനിയും ഒട്ടേറെ വീടുകൾ ബാക്കിയാണ്. കോളനി പ്രദേശങ്ങളിൽ ബൂസ്റ്റർ സ്റ്റേഷൻ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ ടെൻഡർ നടപടിപോലും നടന്നിട്ടില്ല. 2020-21ൽ തുടങ്ങിയ പദ്ധതി പ്രവർത്തനം ഇപ്പോഴും പൂർത്തിയാകാത്ത നിലയിൽ തന്നെയാണ്. പണം കിട്ടാത്തതിനാൽ പദ്ധതി ഏറ്റെടുത്ത കരാറുകാരൻ തുടർ പ്രവൃത്തി നിർത്തിവെച്ചിരിക്കയാണ്. പനങ്ങാട് പഞ്ചായത്തിൽ ജലജീവൻ പദ്ധതി 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും പ്രവൃത്തി തുടങ്ങുമെന്നു പറഞ്ഞെങ്കിലും നടന്നിട്ടില്ല. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ കെ.എം. സചിൻ ദേവ് എം.എൽ.എയുടെ സബ് മിഷന് മറുപടി നൽകിയിരുന്നു.
ജലജീവൻ മിഷൻ പദ്ധതി ഏതാണ്ട് പൂർത്തിയായി വരുമ്പോഴാണ് അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കലും തുടങ്ങിയത്. ഇതോടെ ഗ്രാമീണറോഡുകളും ഇടവഴികളും വീണ്ടും വെട്ടിപ്പൊളിച്ചത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു. ബാലുശ്ശേരി പഞ്ചായത്തിൽ ഏഴ്, എട്ട്, 10 എന്നീ വാർഡുകളിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ആറ്, ഒമ്പതു വാർഡുകളിലെ പ്രവൃത്തിക്കായി സർവേ പൂർത്തിയായിട്ടുണ്ട്. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായ മൂന്നു വാർഡുകളിലെയും റോഡുകളും കോൺക്രീറ്റ് ചെയ്ത ഇടവഴികളും തകർന്നു കിടക്കുകയാണ്. മേയ് 31ന് പൂർത്തിയാക്കാനായിരുന്നു കരാർ. ബാലുശ്ശേരി – പൊന്നരം തെരുറോഡ്, മണ്ണാംപൊയിൽ റോഡ്, ഹൈസ്കൂൾ റോഡ്, സന്ധ്യറോഡ്, എ.യു.പി സ്കൂൾ റോഡ് എന്നിവയെല്ലാം വെട്ടിപ്പൊളിച്ച് തകർന്നനിലയിലാണ്. ഗ്യാസ് പൈപ്പ് ലൈനിനായി എടുത്ത കുഴികളിൽ മണ്ണിട്ടത് കനത്ത മഴയിൽ ഒലിച്ചു പോയതോടെ കണ്ടും കുഴിയുമായി. രാത്രിയിൽ വാഹനം താഴ്ന്നുപോകുന്നത് പതിവാണ്. സ്കൂൾ തുറക്കുന്നതിനു മുമ്പേ റോഡ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെങ്കിലും കരാറുകാരൻ ചെവിക്കൊണ്ടിട്ടില്ല. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥരില്ലാത്തതിനാൽ അന്തർസംസ്ഥാന തൊഴിലാളികൾ മണ്ണുമാന്തി ഉപയോഗിച്ച് തോന്നിയപോലെ റോഡ് വെട്ടിപ്പൊളിക്കുന്നതിനാൽ കുടിവെള്ള പൈപ്പ് ലൈൻ തകരുന്നതും നിത്യസംഭവമാണ്.