കൊടുവള്ളി: സബ് ആർ.ടി ഓഫിസിനു കീഴിലുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം കൊടുവള്ളി നഗരസഭയിൽ തന്നെ സ്ഥാപിക്കണമെന്ന് ചെയർമാൻ അബ്ദു വെള്ളറയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയിലെ തലപ്പെരുമണ്ണയിൽ രണ്ടര ഏക്കർ സ്ഥലത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയുള്ള ട്രാക്കുകളും ഓഫിസും പാർക്കിങ് സംവിധാനങ്ങളും ഒരുക്കി ഒരു വർഷത്തോളമായി സർക്കാർ അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. പത്ത് പഞ്ചായത്തുകളും രണ്ട് നഗരസഭകളും അടങ്ങുന്ന കൊടുവള്ളി സബ് ആർ.ടി ഓഫിസിന് കീഴിലുള്ള പ്രസ്തുത ടെസ്റ്റ് ഗ്രൗണ്ട് എല്ലാ പ്രദേശത്ത് നിന്നും എത്തിച്ചേരാൻ സൗകര്യപ്രദവും സംസ്ഥാന പാതയായ താമരശ്ശേരി വരിട്യാക്കിൽ റോഡിനോടു ചേർന്നുമാണ് സംവിധാനിച്ചിട്ടുള്ളത്.
കൊടുവള്ളി സബ് ആർ.ടി ഓഫിസിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിൽ ഓഫിസിനു കീഴിലുള്ള വാഹനങ്ങളുടെ ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവക്കുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം കൊടുവള്ളിയിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നത് നീതീകരിക്കാൻ പറ്റാത്തതാണെന്ന് സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു.
വി. സിയാലി ഹാജി, വി.കെ. അബ്ദുഹാജി, സി.പി. അബ്ദുറസാഖ്, കെ. ഷറഫുദ്ദീൻ, കെ.കെ.എ. ഖാദർ, പി.ടി.എ. ലത്തീഫ്, പി.ടി.സി. ഗഫൂർ, എം.പി. അബ്ദുറഹിമാൻ, ഒ.പി. റഷീദ്, കെ. ഷംസുദ്ദീൻ, സി.കെ. ജലീൽ, എൻ.കെ. അനിൽകുമാർ, കെ.പി. മുരളീധരൻ, കെ. അസ്സയിൻ, കെ. ശിവദാസൻ, എം. നസീഫ്, കെ.കെ. അബ്ദുല്ല, സി.പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.