വടകര: കെ.എസ്.ആർ.ടി.സിക്ക് വടകരയിൽ റിസർവേഷൻ സൗകര്യമില്ലാതെ യാത്രക്കാർ വലയുന്നു. നഗരത്തിന്റെ സിരാകേന്ദ്രമായ പുതിയ സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ മാറ്റിയതോടെയാണ് റിസർവേഷൻ സൗകര്യം യാത്രക്കാർക്ക് നഷ്ടമായത്. ഇതോടൊപ്പം ഇവിടെ പ്രവർത്തിച്ചിരുന്ന അന്വേഷണ കേന്ദ്രവും ഇല്ലാതായി. ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ളവയെ സംബന്ധിച്ച് നിലവിൽ വടകരയിലെ സെന്ററിൽനിന്ന് യാതൊരു വിവരവും ലഭിക്കുന്നില്ല. വടകരയിൽനിന്ന് പുറപ്പെടുന്ന ബസുകളെ സംബന്ധിച്ചും ഓപറേറ്റിങ് സെന്ററുമായി ബന്ധപ്പെട്ട ബസുകളെ കുറിച്ചുള്ള വിവരങ്ങളും മാത്രമാണ് ലഭിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസുകളെ കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കാത്തതിനാൽ സ്വകാര്യ ബസുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുകൊണ്ട് തന്നെ കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടമാണ് ഉണ്ടാവുന്നത്. സ്റ്റാൻഡിൽനിന്ന് റിസർവേഷൻ കൗണ്ടർ ഒഴിവാക്കിയെങ്കിലും പുനഃസ്ഥാപിക്കാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല.
റിസർവേഷൻ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ സ്വകാര്യ സ്ഥാപനങ്ങളെയാണ് ടിക്കറ്റിനായി ആശ്രയിക്കുന്നത് ഇത് വഴി കനത്ത നഷ്ടമാണ് യാത്രക്കാർക്കുണ്ടാവുന്നത്. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് നയിക്കാൻ പെടാപ്പാട് പെടുമ്പോഴാണ് ലാഭത്തിനുള്ള വഴി അധികൃതർ കൊട്ടിയടച്ചത്.