
വടകര: കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടങ്ങൾക്കെതിരായ ജനരോഷം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സി.എ.എ-എൻ.ആർ.സി പോലെയുള്ള നിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവന്ന് നടപ്പാക്കാൻ ശ്രമിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഇത്തരത്തിൽ നടപ്പാക്കുന്നതിനോട് ഒരു ജനാധിപത്യ സംവിധാനത്തിനും യോജിക്കാൻ കഴിയില്ല. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നത് ബി.ജെ.പിയാണെങ്കിലും സി.പി.എം കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. ബി.ജെ.പിയെ സി.പി.എം ഒരു ഘട്ടത്തിലും നേരിട്ട് എതിർക്കുന്നില്ല. മൃദു സമീപനമാണ് അവരോട് വെച്ചുപുലർത്തുന്നത്.
ഇരുവർക്കും ഇടയിലുള്ള അന്തർധാര സജീവമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പാറക്കൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, കെ.കെ. രമ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, കെ. ബാലനാരായണൻ, എൻ. വേണു, ടി.ടി. ഇസ്മയിൽ, അഹമ്മദ് പുന്നക്കൽ, അഡ്വ. ഐ. മൂസ, രാജീവ് തോമസ്, വി.എം. ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, വി.പി. ദുൽഖിഫിൽ, മിസഫ് കീഴരിയൂർ, ഷഹിൻ, വി.ടി. സൂരജ്, അഫനാസ് ചോറോട്, ബവിത്ത് മാലോല്‍, പി. അശോകൻ, സതീശൻ കുര്യാടി, വി.കെ. പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.