ബാലുശ്ശേരി: മദ്യപിച്ചെത്തി ഹോട്ടലിൽ ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ എ. രാധാകൃഷ്ണനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി അറപ്പീടികയിലെ ഹോട്ടലിൽ മദ്യപിച്ചെത്തിയ എസ്.ഐ ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഹോട്ടൽ ഉടമ നൽകിയ പരാതിയിലാണ് എസ്.ഐക്കെതിരെ ഭീഷണിപ്പെടുത്തൽ, ഭവനാതിക്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഹോട്ടലിൽ സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ഭക്ഷണം കഴിച്ചാൽ പണം നൽകാതെ പോവുകയും ചോദിച്ചാൽ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുന്നതായി ഉടമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വടകര റൂറൽ എസ്.പി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.