കൊയിലാണ്ടി: അധ്യാപകർക്കായി പരിശീലന ക്ലാസ് നടക്കവെ മുറിയിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലാണ് സംഭവം. ഹയർ സെക്കൻഡറി ഹ്യുമാനിറ്റീസ് ക്ലാസ് മുറിയിലാണ് പരിശീലനം നടന്നിരുന്നത്. ഇവിടെയുള്ള ടൈലുകളാണ് പൊട്ടിത്തെറിച്ചത്. അധ്യാപകരും പരിശീലകനും ക്ലാസ് മുറിയിലുണ്ടായിരുന്നു.
രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ടൈലുകളാണ് പൊട്ടിത്തെറിച്ചത്. 10 മീറ്ററോളം നീളത്തിൽ ടൈലുകൾ പൊട്ടിയിട്ടുണ്ട്. അത്രതന്നെ വിസ്തീർണത്തിൽ ടൈലുകൾ പൊങ്ങിനിൽക്കുകയുമാണ്. കടുത്ത ചൂടിൽ തറ വികസിച്ചപ്പോൾ പൊട്ടിയതാവുമെന്നാണ് കരുതുന്നത്.
2015ൽ നിർമിച്ച് ഉദ്ഘാടനം ചെയ്തതാണ് ഹയർസെക്കൻഡറി കെട്ടിടം. നിർമാണത്തിലെ അപാകവും കാരണമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. യു.എൽ.സി.സിയാണ് കെട്ടിടം നിർമിച്ചത്. ക്ലാസ് മുറിയിലെ ടൈലുകൾ പൊട്ടിയ സംഭവം നഗരസഭ അധികൃതരെ അറിയിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.