പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി ഫോറസ്റ്റിൽ രണ്ടു ദിവസമായി നടന്ന പക്ഷി കണക്കെടുപ്പിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. മൂങ്ങ വർഗക്കാരായ Sri Lanka Bay Owl (റിപ്ളി മുങ്ങ), Oriental Scops Owl (സൈരന്ധ്രി നത്ത്) എന്നി പക്ഷികളെ ആദ്യമായിട്ടാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. Srilankan Frogmouth (മക്കാച്ചി കാട) ന്റെ സാന്നിധ്യം കാടിന്റെ എല്ലാ ഭാഗത്തും ഉള്ളതായി സർവ്വേ സംഘം വിലയിരുത്തി.
പക്ഷികളുടെ ഫോട്ടോ പകർത്തിയും ശബ്ദം റെക്കോഡ് ചെയ്തുമാണ് സർവേ സംഘം പക്ഷികളെ തിരിച്ചറിഞ്ഞത്. ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും മലബാർ നാച്ചറൽ ഹിസ്റ്ററി സോസൈറ്റിയുടെയും കോഴിക്കോഡ് ബേഡേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സർവേ നടന്നത്.
ജാനകിക്കാട് വന സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ദീപേഷ്, ഇക്കോ ടൂറിസം ഗൈഡ് സുധീഷ്, പക്ഷിനിരീക്ഷകരായ മുഹമ്മദ് ഹിറാഷ് വി.കെ, അരുൺ നടുവണ്ണൂർ, ഗോകുൽ അടിവാരം, ജിതേഷ് നോച്ചാട്, അനാമിക, രാംഗീത് എന്നിവർ നേതൃത്വം നൽകി.