വടകര: നിക്ഷേപം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് indian-cooperative-credit-society ഇന്ത്യൻ കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി വടകര ശാഖയിൽ നിക്ഷേപകർ കൂട്ടമായെത്തിയത് സംഘർഷാവസ്ഥക്കിടയാക്കി.
നിക്ഷേപിച്ച തുക നൽകുമെന്ന് അറിയിച്ച സമയപരിധി അവസാനിച്ചിട്ടും പണം തിരികെ നൽകാൻ തയാറാകാത്തതാണ് നിക്ഷേപകരെ പ്രകോപിപ്പിച്ചത്. വടകര ബൈപാസിൽ എസ്.ജി.എം.എസ്.ബി സ്കൂളിന് മുൻവശം പ്രവർത്തിക്കുന്ന സൊസൈറ്റിയിൽ രാവിലെ പത്തു മണിയോടെയാണ് അഞ്ഞൂറിൽപരം നിക്ഷേപകർ പണമാവശ്യപ്പെട്ട് എത്തിയത്.
മാനേജരുടെ കാബിൻ ഉപരോധിച്ച് ബഹളം ആരംഭിച്ചതോടെ വടകര പൊലീസും സ്ഥലത്തെത്തി. നിക്ഷേപകരുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. മണിക്കൂറുകളോളം ബഹളം തുടർന്നു. ഇതിനിടയിൽ നിക്ഷേപകരിൽ ഒരു സ്ത്രീ ഓഫിസിനുള്ളിൽ കുഴഞ്ഞുവീണു. ഇവരെ പൊലീസ് വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടകര സി.ഐ ടി.പി. സുമേഷിന്റെ ഇടപെടലിനെതുടർന്ന് സ്ഥാപനത്തിന്റെ പ്രതിനിധികൾ, ഏജന്റുമാർ, ഇടപാടുകാർ എന്നിവരടങ്ങിയ പത്തുപേരുമായി ചർച്ച നടത്തി പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കി. അപേക്ഷ നൽകിയ ഇടപാടുകാർക്ക് മുഴുവനായി ക്രമത്തിൽ ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള സമയപരിധിക്കുള്ളിൽ പണം നൽകുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപകർ പിരിഞ്ഞുപോയത്.
കേന്ദ്ര സർക്കാറിന്റെ നേതൃത്വത്തിലുള്ള മൾട്ടി സ്റ്റേറ്റ് കമ്പനി നിയമപ്രകാരം രൂപവത്കരിച്ച ധനകാര്യ സ്ഥാപനമാണിത്. മാസങ്ങൾക്കുമുമ്പ് ആദായനികുതി വകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഇതോടെ പല ഘട്ടങ്ങളിലായി നിക്ഷേപകർ പണം പിൻവലിക്കാൻ എത്തുകയായിരുന്നു.
പലർക്കും ചെറിയ തുകകൾ തിരികെ നൽകിയിരുന്നു. പിന്നീട് നിക്ഷേപം പിൻവലിക്കാൻ അപേക്ഷ നൽകിയവർക്ക് പണം നൽകാതായതോടെയാണ് നിക്ഷേപകർ കൂട്ടമായെത്തിയത്.