മുക്കം: മുക്കത്ത് എക്സൈസ് സംഘത്തിന്റെ വൻ ലഹരി വേട്ട. നഗരസഭയിലെ മണാശ്ശേരിയിലാണ് രണ്ടു കേസുകളിലായി 659.5 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായത്.
താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ ചാലില്‍ മുബശ്ശിര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിക് (34), താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ ഹബീബ് റഹ്മാന് (23), എളേറ്റില്‍ വട്ടോളി കരിമ്പപൊയില് ഫായിസ് മുഹമ്മദ് (27), ചേളന്നൂര്‍ പള്ളിയാറ പൊയില്‍ ജാഫര്‍ സാദിഖ് (28) എന്നിവരാണ് പിടിയിലായത്. എക്സൈസ് കമീഷണർ സ്ക്വാഡും
എക്സൈസ് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് പിടികൂടിയ എം.ഡി.എം.എക്ക് 25 ലക്ഷത്തോളം രൂപ വിലവരും.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ മണാശ്ശേരി പെട്രോൾ പമ്പിനുസമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് 616.5 ഗ്രാം എം.ഡി.എം.എയുമായി മുബശ്ശിറും ആഷിക്കും പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട പ്രതികൾ പെട്രോൾ പമ്പിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റുകയായിരുന്നു.
പിന്നാലെ ഓടിയ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും പാന്റ്സിന്റെ പോക്കറ്റിൽനിന്ന് എം.ഡി.എം.എ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും 72,500 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. പെട്രോൾ പമ്പിന് 200 മീറ്റർ അകലെയുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 43 ഗ്രാം എം.ഡി.എം.എയും പിടികൂടി.
ഇവിടെനിന്നാണ് ഹബീബ് റഹ്മാനെയും ഫായിസ് മുഹമ്മദിനെയും ജാഫര്‍ സാദിഖിനെയും പിടികൂടിയത്. ഇവരിൽനിന്ന് 12,500 രൂപയും എക്സൈസ് പിടിച്ചെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ ഇ.ആർ. ഗിരീഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, പി. വിപിൻ, ലതമോൾ, പി.ആർ. ജിത്തു, റഊഫ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ പ്രവീൺ, എക്സൈസ് ഇൻസ്പെക്ടർ ഷിജു, പി. അജിത്, അർജുൻ വൈശാഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.