കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സി.പി.എം ചെയ്തതെന്നും വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും ഒരു പാർട്ടി എത്തുന്ന ഏറ്റവും അധപതിച്ച രാഷ്ട്രീയത്തിൽ സി.പി.എമ്മിൽ എത്തിച്ചേർന്നുവെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം ഏത് രാഷ്ട്രീയത്തെ പറ്റി പറയും. ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്നാണ് സി.പി.എം പറയുന്നത്. കേരളം മാറ്റിനിർത്തിയാൽ ഇന്ത്യയിൽ എവിടെയാണ് ഇടത് ഉള്ളത്. ഇടത് ഇത്തരത്തിലാകാൻ കാരണം ആരാണ്. ആരാണ് ഇടതിനെ ഇങ്ങനെയാക്കിയ മാറ്റിയതെന്ന ചോദ്യത്തിനും ഉത്തരം പറയണം. സി.പി.എം നേതാക്കളുടെ പ്രവർത്തനമാണ് ഇടതിനെ ഇത്തരത്തിലാക്കിയത്.
കേരളത്തിലെ ഇടത് എന്താണ് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വർഷമായി ഭരിക്കുന്ന ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന സർക്കാർ ഇവിടത്തെ സാധാരണക്കാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്. സാധാരണയിൽ സാധാരണക്കാരായ മനുഷ്യന്‍റെ ജീവിത നിലവാരം ഉയർത്തുകയും അവർക്ക് വേണ്ടി സംസാരിക്കുകയുമാണ് ഇടത് സർക്കാർ ചെയ്യേണ്ടത്. എവിടെയാണ് ഇന്ന് സാധാരണക്കാരന്‍റെ ജീവിതം ഉയരുന്ന സാഹചര്യമുള്ളത്. കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇല്ലാതായ സാഹചര്യം സംസ്ഥാനത്ത് എങ്ങനെ എത്തിച്ചേർന്നത്. അഴിമതി, ധൂർത്ത്, വഴിവിട്ട പ്രവർത്തനങ്ങൾ അടക്കം നേതാക്കന്മാർ അവരുടെ കീശ വീർപ്പിക്കുക എന്നതിലപ്പുറം എന്ത് രാഷ്ട്രീയമാണുള്ളത്. സ്വന്തം കുടുംബത്തിലേക്ക് രാഷ്ട്രീയം പോവുകയും അവരിലേക്ക് ഒതുക്കിതീർക്കുകയും ചെയ്യുകയല്ലാതെ എന്താണുള്ളത്.
നിപ്പയെയും കോവിഡിനെയും കുറിച്ചുള്ള രാഷ്ട്രീയം മാത്രമാണ് വടകരയിൽ എൽ.ഡി.എഫ് പറഞ്ഞത്. മറ്റേതെങ്കിലും രാഷ്ട്രീയത്തെ കുറിച്ചോ സർക്കാർ നയത്തെ കുറിച്ചോ ജനങ്ങൾക്ക് വേണ്ടി ഇത് ചെയ്തെന്ന് പറയാനോ സാധിച്ചിട്ടില്ല. യുവാക്കളും പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. പി.എസ്.സി പോലും നോക്കുകുത്തിയാണ്. സി.പി.ഒ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികളുടെ സമരത്തെ സർക്കാർ തിരിഞ്ഞു നോക്കിയില്ല.
വർഗ രാഷ്ട്രീയമാണ് സി.പി.എം പറയുന്നത്. കേരളത്തെ അരാഷ്ട്രീയവൽകരിക്കുകയാണ് സി.പി.എം ചെയ്തത്. വ്യാജ പ്രചരണങ്ങളിലേക്കും വർഗീയതയിലേക്കും ഒരു പാർട്ടി എത്തുന്ന ഏറ്റവും അധപതിച്ച രാഷ്ട്രീയത്തിൽ സി.പി.എമ്മിൽ എത്തിച്ചേർന്നത്. വർഗീയ, ജാതി രാഷ്ട്രീയം പറയുക, ജാതിയുടെ പേരിൽ ആളുകളെ സമീപിച്ച് വോട്ട് ചോദിക്കുക. ജാതിയുടെ അടിസ്ഥാനത്തിൽ വലിയ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ് മലബാറിൽ നടത്തിയത്. ഇതിനെ ഗൗരവമായി കാണണമെന്നും കെ.കെ. രമ പറഞ്ഞു.
ടി.പിയുടെ രാഷ്ട്രീയം എല്ലാ കാലത്തും കത്തിനിൽക്കും. ആ രാഷ്ട്രീയം തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ചർച്ച ചെയ്തത്. സ്ത്രീകളാണ് വടകരയിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത്. അക്രമരാഷ്ട്രീയം അവസാനിക്കണമെന്ന സ്ത്രീകളുടെ മനസിന്‍റെ തീരുമാനമാണ് ഈ തെരഞ്ഞെടുപ്പിൽ കാണാനായത്.
ചന്ദ്രശേഖരന്‍റെ ഒരു മുറിവ് വടകരയിലെ ഓരോ സാധാരണക്കാരുടെയും നന്മയുള്ള മുഴുവൻ മനുഷ്യരുടെയും മനസിൽ വലിയ ആഘാതമാണ്. കാലം എത്ര മായ്ച്ചാലും അത് മാറില്ലെന്ന് വിചാരിക്കുന്നു. അത്രയും ക്രൂരമായ കാര്യം ചെയ്ത പാർട്ടിയാണ് സി.പി.എം എന്നും കെ.കെ. രമ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.