കോഴിക്കോട്: നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. മരിച്ചയാളുടെ ബന്ധുകൂടിയായ വെള്ളയിൽ പണിക്കർ റോഡ് സ്വദേശി ധനേഷാണ് (33) പിടിയിലായത്.
പണിക്കർ റോഡ് നാലുകുടിപറമ്പിൽ ശ്രീകാന്താണ് (47) ഞായറാഴ്ച പുലർച്ച 5.45ഓടെ വീടിനു സമീപം നിർത്തിയിട്ട സ്വന്തം ഓട്ടോക്കടുത്ത് നടപ്പാതയിൽ വെട്ടേറ്റു മരിച്ചത്. കേരള സോപ്സിന്റെ പിറകുവശത്തെ ഗേറ്റിനു സമീപം പാർക്ക് ചെയ്ത ശ്രീകാന്തിന്റെ സാൻട്രോ കാർ വെള്ളിയാഴ്ച രാത്രി പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയായിരുന്നു അതേ സ്ഥലത്തുവെച്ച് ശ്രീകാന്ത് കൊല്ലപ്പെട്ടത്.
കാർ കത്തിച്ചതിനും കൊലക്കും പിന്നിൽ ഒരേ പ്രതികളായിരിക്കുമെന്ന നിഗമനത്തിലാണ് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചത്. നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതോടെയാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്.
കൊല്ലപ്പെട്ട ശ്രീകാന്ത് കുണ്ടൂപ്പറമ്പിലെ പ്രഭുരാജ് വധമടക്കം ഒന്നിലധികം കേസുകളിൽ പ്രതിയായിരുന്നു. ഇത്തരം കേസിൽപെട്ട ആരെങ്കിലുമായിരിക്കുമോ കൃത്യത്തിനു പിന്നിലെന്ന് സംശയിച്ചിരുന്നു. മാത്രമല്ല, ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചും ശ്രീകാന്തുമായി ശത്രുതയുള്ളവരെ കുറിച്ചും അന്വേഷിച്ചു. ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളിലൊന്നിൽ സംശയകര സാഹചര്യത്തിൽ സ്കൂട്ടറിന്റെ സാന്നിധ്യം വ്യക്തമായി. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
പ്രതിയുടെ മാതാവിനെ ശ്രീകാന്ത് ഉപദ്രവിക്കാൻ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി കാർ കത്തിച്ചിട്ടും പകതീരാത്ത പ്രതി, രാത്രി ഹാർബറിൽ മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും കൊല്ലപ്പെട്ട സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന ജിതിനെയും കാണുകയും കശപിശയുണ്ടാക്കുകയും ചെയ്തിരുന്നു.
പിന്നീട് പുലർച്ച മൂന്നോടെ വീട്ടിൽ പോയ പ്രതി ശ്രീകാന്തിനെ വകവരുത്താൻ തയാറായി തിരികെ ഹാർബറിലേക്ക് വന്നെങ്കിലും സുഹൃത്തുക്കൾ ഉള്ളതിനാൽ മടങ്ങി. അഞ്ചരയോടെ ഓട്ടോയിൽ ശ്രീകാന്ത് പുറത്തേക്കു പോകുന്നതുകണ്ട് പിന്തുടർന്നു. ശ്രീകാന്ത് വീടിനടുത്ത് ഓട്ടോ നിർത്തി വിശ്രമിക്കുമ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മൽപിടിത്തത്തിനിടെ റോഡിന്റെ എതിർവശത്ത് നടപ്പാതയിൽ വീണ ശ്രീകാന്തിന്റെ മരണം ഉറപ്പാക്കിയശേഷം വാഹനം സമീപത്തുള്ള ഇടവഴിയിലൂടെ ഓടിച്ചാണ് പ്രതി രക്ഷപ്പെട്ടത്. കുറ്റം നിഷേധിച്ച പ്രതിയെ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കുറ്റം സമ്മതിച്ചത്. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
ഇനി ആയുധം കണ്ടെത്തണം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
കോഴിക്കോട്: നഗരത്തിലെ ഓട്ടോ ഡ്രൈവർ ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ധനേഷിനെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി വെള്ളയിൽ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കേസന്വേഷിക്കുന്ന വെള്ളയിൽ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
ആദ്യം കുറ്റം നിഷേധിച്ച പ്രതി കൊല നടത്തിയെന്ന് ഏറ്റുപറഞ്ഞെങ്കിലും കൊലക്കുപയോഗിച്ച ആയുധം എവിടെ ഒളിപ്പിച്ചുവെന്ന ചോദ്യത്തിന് കടലിൽ എറിഞ്ഞു എന്ന ഒഴുക്കൻ മറുപടിയാണ് നൽകിയത്. ഇത് അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. കേസിൽ ആയുധം കണ്ടെത്തുക പ്രധാനമാണ്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊല സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ആയുധം ഉൾപ്പെടെ വീണ്ടെടുക്കാനാവുമെന്നുമാണ് പൊലീസ് പ്രതീക്ഷ. നഗരത്തെ ഞെട്ടിച്ച ദാരുണ കൊലയിൽ രാപ്പകൽ വ്യത്യാസമില്ലാതെ നടത്തിയ അന്വേഷണത്തിനൊടുവിൽ 36ാം മണിക്കൂറിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ടൗൺ അസി. കമീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷും ഡെപ്യൂട്ടി പൊലീസ് കമീഷണർ അനൂജ് പലിവാളിന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ചേർന്നായിരുന്നു പ്രതിയെ പിടികൂടിയത്.
സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ഷാഫി പറമ്പത്ത്, എ. പ്രശാന്ത്കുമാർ, എം. ഷാലു, സുജിത്ത് വെള്ളയിൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ബി.എസ്. ബാവിഷ്, ടി. ദീപു കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. ദീപു, സൈബർ സെല്ലിലെ രൂപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.