അത്തോളി: അത്തോളി സഹകരണാശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്കിടെ രോഗിയെ ചികിത്സിക്കാതെ ഡോക്ടർ ഇറങ്ങിപ്പോയതായി ആശുപത്രി അധികൃതരുടെ പരാതി. ആർ.എം.ഒ ഡോക്ടർ ഗോപു കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് മാനേജ്മെന്റ് അത്തോളി പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. കാപ്പാട് നിന്ന് നെഞ്ചുവേദനയുമായെത്തിയ രോഗിക്ക് ഇ.സി.ജി എടുക്കുകയും വിദഗ്ധ പരിശോധനക്കായി ട്രോപോണിങ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു.
എന്നാൽ ടെസ്റ്റ് റിസൽട്ടിന് കാത്തുനിൽക്കാതെയും രോഗിക്ക് തുടർചികിത്സ നൽകാതെയും ഡോക്ടർ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രോഗി ഗുരുതരാവസ്ഥയിലായതിനാൽ ആശുപത്രിയിൽനിന്ന് മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
അത്യാസന്ന നിലയിൽ വന്ന രോഗിയുടെ ജീവന് വില നൽകാതെ മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവർത്തിച്ച ഡോക്ടർ ഗോപുകൃഷ്ണന്റെ നടപടിയിൽ ഭരണസമിതി പ്രതിഷേധിച്ചു. നിയമനടപടികൾ സ്വീകരിക്കുന്നതിന് അത്തോളി പൊലീസിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകിയതായും മാനേജ്മെന്റ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ആശുപത്രി അധികൃതരുടെ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. നെഞ്ചുവേദനയുമായെത്തിയ രോഗിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് ഡോക്ടർ മാധ്യമത്തോട് പറഞ്ഞു. വേതനം കുറക്കാനുള്ള നീക്കത്തിന് വഴങ്ങാത്തതിനെ തുടർന്ന് മാനസികമായി പീഡിപ്പിക്കുകയും നിസ്സാര കാരണങ്ങൾ പറഞ്ഞ് വേതനം പല സാഹചര്യങ്ങളിൽ കുറവ് വരുത്തുകയും ചെയ്തതായും ഡോക്ടർ പറഞ്ഞു.
ഈ മാസം 30ന് രാജിവെക്കുമെന്ന് നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിന്റെ തലേദിവസം ഭക്ഷണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തന്നെ അപമാനിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പകരം സംവിധാനം ഉണ്ടാക്കാൻ നിർദേശിച്ചുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതെന്നും വ്യാജ പരാതിയിൽ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്നും ഡോക്ടർ പറഞ്ഞു.