ബാലുശ്ശേരി: മാവോവാദി, വന്യമൃഗ ഭീഷണിയുടെ നിഴലിൽ കക്കയം പോളിങ് ബൂത്ത്. മലബാർ വന്യജീവി സങ്കേതത്തോടു തൊട്ടുകിടക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ നാലാം വാർഡിൽപെട്ട കക്കയം ജി.എൽ.പി സ്കൂൾ പോളിങ് സ്റ്റേഷനിലെ 62ാം നമ്പർ ബൂത്തിലാണ് മാവോവാദി ഭീഷണിക്കൊപ്പം വന്യമൃഗ ഭീഷണിയുമുള്ളത്.
ബാലുശ്ശേരി മണ്ഡലത്തിൽപെട്ട മാവോവാദി ഭീഷണിയുള്ള ഏക ബൂത്താണിത്. ആദിവാസികളടക്കം 1013 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും നിരന്തര ഭീഷണിയും കക്കയം ജി.എൽ.പി സ്കൂളിന് സമീപത്തായുണ്ട്.
കഴിഞ്ഞ 16ന് രാത്രി സ്കൂൾ കോമ്പൗണ്ടിൽ കയറിയ കാട്ടാന വിദ്യാർഥികൾ നട്ടുവളർത്തിയ പച്ചക്കറി കൃഷിയും വാഴത്തോട്ടവും പാടേ നശിപ്പിച്ചിരുന്നു. സ്കൂൾ ഗേറ്റ് തള്ളിത്തുറന്നായിരുന്നു ഒറ്റയാനായ കൊമ്പൻ സ്കൂൾ മുറ്റത്ത് എത്തിയത്. സ്കൂളിന്റെ ചുറ്റുമതിലിന് കേടുവരുത്തുകയുമുണ്ടായി.
സ്കൂളിന്റെ പിൻഭാഗത്ത് കാടാണ്. പിന്നിലെ മൂത്രപ്പുരയും അടുക്കളയും ഇതിനുമുമ്പ് കാട്ടാന തകർത്തിട്ടുണ്ട്. കാട്ടുപോത്തും പരിസരത്ത് ഭീതിസൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് അഞ്ചിന് കക്കയത്തെ കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കൃഷിയിടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുതന്നെ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
മാവോവാദി ഭീഷണിപ്പട്ടികയിൽ നേരത്തെതന്നെ സ്ഥാനമുറപ്പിച്ച സ്ഥലമാണ് കക്കയം. കക്കയം വനത്തിൽ മാവോവാദി സാന്നിധ്യമുള്ളതായി നേരത്തെതന്നെ റിപ്പോർട്ടു ചെയ്തതാണ്. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് കാലത്ത് കക്കയത്ത് കനത്ത സുരക്ഷ ഏർപ്പെടുത്താറുണ്ട്. ഇന്ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കക്കയം ജി.എൽ.പി സ്കൂൾ കേന്ദ്രീകരിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാഗാലാൻഡ് ആംഡ് പൊലീസ് സംഘവും ലോക്കൽ പൊലീസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.